പുൽപ്പള്ളി: പച്ചപ്പിന്റെ പട്ടുപുതച്ച വയനാടൻ മലനിരകളിൽ നിന്ന് വൻതോതിൽ മരങ്ങൾ മുറിച്ചുമാറ്റി അതിർത്തി കടത്തുന്നത് ജില്ലയുടെ പരിസ്ഥിതിയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. നിയമപരമായ പഴുതുകൾ മുതലെടുത്തും ഉദ്യോഗസ്ഥ ഒത്താശയോടെയും നടക്കുന്ന ഈ മരംകൊള്ള വയനാടിന്റെ കാലാവസ്ഥയെപ്പോലും ഭീതിദമായി മാറ്റിമറിക്കുകയാണ്.
ചെറുമരങ്ങൾക്ക് വരെ കോടാലി വീഴാൻ തുടങ്ങിയതോടെ തടികൊണ്ടുള്ള ഉരുപ്പടികൾക്ക് വിപണിയിൽ ആവശ്യക്കാരില്ലാത്ത അവസ്ഥയായി. വിറകിനായി വെട്ടിവീഴ്ത്തുന്ന ഇത്തരം ചെറുമരങ്ങൾ തമിഴ്നാട്ടിലെ തേയില ഫാക്ടറികളിലേക്ക് വൻതോതിലാണ് കയറ്റി അയക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ തുടരുന്ന മരംമുറി പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളെ വരുംദിവസങ്ങളിൽ കടുത്ത വരൾച്ചയിലേക്ക് തള്ളിവിടും.
വൈത്തിരി, ബത്തേരി, മാനന്തവാടി താലൂക്കുകളിൽ സ്വകാര്യ ഭൂമിയിൽ നിന്ന് ഒരു വിരൽ വണ്ണമില്ലാത്ത മരങ്ങൾ അടക്കം ലോഡ് കണക്കിനാണ് അതിർത്തി കടന്ന് കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും പ്രവഹിക്കുന്നത്. ടോറസ് ലോറികളിൽ വൻ തടികളും ചെറു ലോറികളിൽ വിറകുകളുമായാണ് കടത്തുന്നത്. പ്ലാന്റേഷൻ രജിസ്‌ട്രേഷൻ ഉള്ള തോട്ടങ്ങളിലും എസ്റ്റേറ്റുകളിലും മാത്രമാണ് ഇനി വലിയ മരങ്ങൾ ശേഷിക്കുന്നത്.
വരാനിരിക്കുന്നത് വൻ ദുരന്തം
സമീപകാലത്തുണ്ടായ കനത്ത ഉരുൾപൊട്ടലുകളുടെ പശ്ചാത്തലത്തിൽ, വൻതോതിലുള്ള മരംമുറി വരാനിരിക്കുന്ന മഴക്കാലത്ത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് ഭൂശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. വേരുകൾ മണ്ണിൽ നൽകുന്ന പിടിത്തം ഇല്ലാതാകുതോടെ മലഞ്ചെരിവുകൾ എളുപ്പത്തിൽ ഇടിയാൻ കാരണമാകും. ഒരിക്കൽ കേരളത്തിന്റെ ശീതള കേന്ദ്രം എന്നറിയപ്പെട്ടിരുന്ന വയനാട്ടിൽ ഉയർന്ന ചൂട് അനുഭവപ്പെടുന്നത് നിത്യസംഭവമായി. ഭൂഗർഭ ജലനിരപ്പ് താഴുകയും അരുവികൾ വറ്റിവരണ്ട് കൃഷി മേഖല തകരുകയും ചെയ്യുന്നു.
പ്ലോട്ട് മാഫിയയും അശാസ്ത്രീയ നിർമ്മാണവും
ചില വില്ലേജുകളിൽ വൻകിട തോട്ടങ്ങൾ ഭൂമാഫിയകൾ വാങ്ങി മരങ്ങൾ പൂർണ്ണമായും മുറിച്ചുനീക്കി. റോഡുകൾ നിർമ്മിച്ച് പ്ലോട്ടുകളാക്കി വിൽക്കുന്നതും പതിവാണ്. ഭൂമിയുടെ സ്വാഭാവികത നശിപ്പിച്ചുള്ള നിർമ്മാണങ്ങളും അശാസ്ത്രീയമായ കുഴൽകിണറുകളും മേഖലയെ വരൾച്ചയിലേക്ക് നയിക്കുന്നു.
പരിശോധനകൾ പ്രഹസനം
സ്വകാര്യ ഭൂമികളിലെ മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതിയുടെ മറവിൽ വൻതോതിലുള്ള ക്രമക്കേടുകളാണ് നടക്കുന്നത്. വനംറവന്യൂ വകുപ്പുകളുടെ പരിശോധനകൾ പ്രഹസനമാകുന്നതായി പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. മതിയായ പാസുകളില്ലാതെയും ഒരു പാസ് ഉപയോഗിച്ച് പലതവണ തടി കടത്തിയും മാഫിയ സംഘങ്ങൾ സജീവമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |