
ആഭ്യന്തര ഉൽപ്പാദനത്തിൽ 37% കുറവ്
കൊച്ചി: ആഭ്യന്തര വിപണിയിൽ സ്വാഭാവിക റബർ വില കിലോയ്ക്ക് 300 രൂപയിലെത്തിയതോടെ താൽക്കാലികമായി തീരുവയില്ലാതെ ഇറക്കുമതി അനുവദിക്കണമെന്ന് ടയർ നിർമ്മാതാക്കളുടെ സംഘടനയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം നവംബറിലെ ശരാശരി വിലയായ 186 രൂപയേക്കാൾ 62 ശതമാനത്തിനടുത്താണ് വർദ്ധന. റബർ ക്ഷാമം ടയർ നിർമ്മാണത്തെ ബാധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന് സംഘടന നിവേദനം നൽകി.
ആഭ്യന്തര ഉത്പ്പാദനവും ആവശ്യകതയും തമ്മിലുള്ള വിടവ് നികത്താൻ താരിഫ് റേറ്റ് ക്വോട്ട (ടി.ആർ.ക്യു) വ്യവസ്ഥയിൽ നിശ്ചിത അളവിൽ തീരുവയില്ലാത്ത ഇറക്കുമതിക്ക് അനുമതി നൽകണമെന്നാണ് ആവശ്യം. വിപണിയിൽ ലഭ്യതയും വിലയും സാധാരണ നിലയിലാകുന്നതുവരെ ഇളവ് തുടരണമെന്നും സംഘടന ആവശ്യപ്പെട്ടു.
ലഭ്യതയും ഡിമാൻഡുമായി വിടവ് കൂടുന്നു
2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ സ്വാഭാവിക റബർ ആവശ്യകത 14.27 ലക്ഷം ടണ്ണായിരുന്നപ്പോൾ ഉത്പ്പാദനം 9.05 ലക്ഷം ടൺ മാത്രമായിരുന്നു. ആവശ്യകതയുടെ 37 ശതമാനത്തോളം വരുന്ന കുറവ് നികത്താൻ ഇറക്കുമതി അനിവാര്യമാണെന്ന് ആത്മ ചെയർമാൻ അരുൺ മാമ്മൻ പറഞ്ഞു.
ഉത്പാദനച്ചെലവിലെ വർദ്ധന വെല്ലുവിളി
സിന്തറ്റിക് റബർ, കാർബൺ ബ്ലാക്ക് തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധനയും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള എണ്ണവില, ചരക്കുകൂലി എന്നിവ കൂടിയതും ടയർ വ്യവസായത്തിന് അധിക ബാധ്യതയാണ്. പ്രതിവർഷം ഒരു ലക്ഷം കോടി രൂപ വിറ്റുവരവുള്ള ഇന്ത്യൻ ടയർ വ്യവസായം 27,000 കോടി രൂപയിലധികം കയറ്റുമതി നടത്തുന്നുണ്ട്. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കയറ്റുമതിയിൽ 16 ശതമാനം വളർച്ചയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |