
അബുദാബി: യുഎയിൽ നേരിയ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. ഇറാനിൽ ഇന്ന് മൂന്നാമത്തെ ഭൂചലനം ഉണ്ടായതോടെയാണ് യുഎയിലും പ്രകമ്പനം അനുഭവപ്പെട്ടത്. വടക്കൻ യുഎയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് മെട്രോളജി (എൻസിഎം) അറിയിച്ചു. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
യുഎഇ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.22 ഓടെയാണ് 5.6 തീവ്രതയിലുളള ഭൂചലനം ഇറാനിലുണ്ടായത്. മൂന്നാം തവണയാണ് ഇറാനിൽ ഭൂചലനമുണ്ടാകുന്നത്. ഇന്ന് രാവിലെ 9.10ന് 6.0 തീവ്രതയിലും 8.59 ന് 5.5 തീവ്രതയിലും ഇറാനിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.രാജ്യതലസ്ഥാന മേഖലയിൽ 3.1 തീവ്രതയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.ഹരിയാനയിലെ ഫരീദാബാദിൽ നിന്നും ഒൻപത് കിലോമീറ്റർ അകലെ, ഭൂമിയുടെ പത്ത് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
ഒക്ടോബർ ഏഴിന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12ന് ശേഷമാണ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹൊറാത്തിൽ ശക്തമായ ഭൂകമ്പം ഉണ്ടായി. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങളിലായി 4000ൽ അധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. ഏകദേശം രണ്ടായിരത്തോളം വീടുകൾ പൂർണമായും നശിച്ചെന്നാണ് അഫ്ഗാനിസ്ഥാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിൽ ഡൽഹി, ജമ്മുകാശ്‌മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയായിരുന്നു പ്രഭവകേന്ദ്രം. ഭൂമിയുടെ 181 കിലോമീറ്റർ ഉള്ളിൽ നിന്ന് ഉടലെടുത്തതാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |