SignIn
Kerala Kaumudi Online
Friday, 15 May 2026 9.48 PM IST

ടിവികെ-കോൺഗ്രസ് സഖ്യത്തിന് പിന്നിൽ 17 വർഷത്തെ വിജയ്-രാഹുൽ ഗാന്ധി സൗഹൃദം! ദക്ഷിണേന്ത്യയിൽ എൻഡിഎ സഖ്യത്തിന് മുന്നറിയിപ്പോ?

rahul-gandhi-and-vijay

ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ വേദിയിലെ പ്രധാന സാന്നിദ്ധ്യമായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധി. ചടങ്ങിൽ രാഹുൽ ഗാന്ധിയെ സഹോദരൻ എന്നാണ് വിജയ് അഭിസംബോധന ചെയ്തത്. ഇത് ഇരുവരും തമ്മിലുള്ള ആത്മ സൗഹൃദത്തിന്റെ ആഴം തുറന്നുകാട്ടിയിരിക്കുകയാണ്.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ വിജയ്‍യുടെ തമിഴക വെട്രി കഴകത്തിന് കോൺ​ഗ്രസ് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്തെത്തിയത് മുന്നണികളെ മാത്രമല്ല പല രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിച്ചിരുന്നു. മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വർഷങ്ങളായുള്ള സഖ്യം ഒരൊറ്റ ദിവസം കൊണ്ട് ഉപേക്ഷിച്ചാണ് കോൺഗ്രസ് വിജയ്‍യുടെ ടിവികെയെ ഒപ്പം കൂട്ടിയത്. എന്നാൽ ഈ പുതിയ രാഷ്ട്രീയ കൂട്ടുകെട്ട് പെട്ടെന്നുണ്ടായതല്ല എന്നതാണ് വാസ്തവം. കാരണം രാഹുൽ ഗാന്ധിയും വിജയ്‌യും തമ്മിലുള്ള ബന്ധത്തിന് ഒന്നും രണ്ടുമല്ല ഏകദേശം 17 വർഷത്തെ പഴക്കമുണ്ട്.

2009ലാണ് രാഹുൽ ഗാന്ധിയും വിജയ്‍യും തമ്മിലുള്ള ബന്ധത്തിന്റെ തുടക്കം. അന്ന് കോൺ​ഗ്രസിൽ ചേരാൻ ആ​ഗ്രഹിച്ച വിജയ് എൻഎസ്‍യുഐ നാഷണൽ സെക്രട്ടറിയായിരുന്ന ഗോപിനാഥ് പളനിയപ്പൻ വഴി ഡൽഹിയിലെത്തി രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിനിമയിലെ തിരക്കുകൾ വിജയ്‌യെ തീരുമാനമെടുക്കുന്നതിന് വിലങ്ങുതടിയായപ്പോൾ പിന്നീടാവാം എന്ന് പറഞ്ഞ് രാഹുൽ ഗാന്ധി തിരിച്ചയക്കുകയായിരുന്നുവെന്നാണ് വിവരം.

2009ലെ കൂടിക്കാഴ്ചയ്ക്ക് ശേഷവും ഇരുവരും നിരന്തരം സൗഹൃദം പുലർത്തിയിരുന്നു. 2024ൽ വിജയ് തന്റെ പാർട്ടിയായ ടിവികെ രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് ഔദ്യോഗിക ചുവടുവയ്പ്പ് നടത്തിയപ്പോൾ രാഹുൽ ഗാന്ധി അദ്ദേഹത്തെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ രാഹുലിന്റെ ജന്മദിനത്തിൽ വിജയ് ആശംസകൾ നേർന്നതും വാ‌‌ർത്തയായിരുന്നു. 'ദുഷ്‌കരമായ സമയത്ത് ആരും തന്നിൽ വിശ്വസിച്ചില്ല, രാഹുൽ ഗാന്ധി, പ്രവീൺ ചക്രവർത്തി തുടങ്ങിയ ഏതാനും നേതാക്കൾ മാത്രമാണ് തന്റെ കഴിവിൽ വിശ്വസിച്ചിരുന്നത്' എന്ന് സഖ്യത്തിലെ നേതാക്കളുടെ ആദ്യ യോഗത്തിൽവച്ച് വിജയ് പറഞ്ഞിരുന്നു.

വ്യക്തിപരമായ സൗഹൃദത്തിനപ്പുറം ആശയപരമായ സാമ്യവും വിജയ്-രാഹുൽ ​ കൂട്ടുകെട്ടിന് അടിത്തറയായി. കാമരാജ്, അംബേദ്കർ, പെരിയാർ തുടങ്ങിയവരാണ് തന്റെ രാഷ്ട്രീയ പ്രചോദനമെന്ന് വിജയ് പലപ്പോഴായി ആവർത്തിച്ച് പറഞ്ഞതും ഇന്നത്തെ ടിവികെ കോൺ​ഗ്രസ് സഖ്യത്തിന്റെ സൂചനയായിരുന്നെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

കോൺഗ്രസിൽ ചേരാൻ ആഗ്രഹിച്ച വിജയ്‍യെ സംബന്ധിച്ച് നിലവിലെ സഖ്യം ഒരു സ്വാഭാവിക സഖ്യമാണെങ്കിലും സംസ്ഥാനത്ത് കോൺഗ്രസ് ഏതാണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ രാഹുൽ ഗാന്ധിക്ക് വിജയ്‍യുടെ സൗഹൃദം ഒരു പുതിയ അവസരം കൂടിയാണ്. ദക്ഷിണേന്ത്യയിൽ എൻഡിഎ സഖ്യത്തെ തോൽപ്പിക്കാൻ ശക്തമായ മതേതര മുഖമാകാൻ വിജയ്ക്ക് കഴിയുമെന്ന് രാഹുൽ ഗാന്ധി ഉറച്ചു വിശ്വസിക്കുന്നുണ്ട്.

സത്യപ്രതിജ്ഞയ്ക്ക് രാഹുൽ ഗാന്ധി എത്തിയത് വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള മുന്നേറ്റത്തിനുള്ള സൂചന കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. ഇവരുടെ വളർന്നുവരുന്ന സൗഹൃദം ദക്ഷിണേന്ത്യയിൽ ബിജെപിക്കെതിരായ ഒരു രാഷ്ട്രീയ സഖ്യ രൂപീകരണത്തിന്റെ തുടക്കമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAY, TVK, CONGRESS, RAHUL GANDHI, TAMILNADU, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360