ന്യൂഡൽഹി: പ്ലസ് ടു പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ന്യൂഡൽഹി സ്വദേശിയായ വേദാന്ത് ശ്രീവാസ്‌തവ എന്ന വിദ്യാർത്ഥി ഉന്നയിച്ച ആരോപണങ്ങൾ തള്ളി സിബിഎസ്‌ഇ. വിദ്യാർത്ഥിയുടെ ആരോപണങ്ങൾ വസ്‌തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബോർഡ് പ്രസ്‌താവനയിറക്കി. അതേസമയം, തന്റെ ഉത്തരക്കടലാസ് മറ്റൊരാളുടേതുമായി മാറിപ്പോയെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് വേദാന്ത്.
രണ്ട് വിഷയങ്ങളിൽ ഓരോ മാർക്ക് വീതമാണ് വർദ്ധിച്ചതെന്നും ഫിസിക്‌സിൽ മാർക്ക് കൂടിയിട്ടില്ലെന്നുമാണ് സോഷ്യൽ മീഡിയയിലൂടെ വിദ്യാർത്ഥി ആരോപിച്ചത്. എന്നാൽ, പുനർമൂല്യനിർണയത്തിന് ശേഷം ഫിസിക്‌സിൽ ഒൻപത് മാർക്ക് വർദ്ധിച്ചിട്ടുണ്ടെന്നാണ് സിബിഎസ്‌ഇയുടെ വിശദീകരണം.
സിബിഎസ്‌ഇയുടെ അവകാശവാദങ്ങൾക്ക് പിന്നാലെ വിദ്യാർത്ഥി വീണ്ടും സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചു. തനിക്ക് ലഭിച്ച ആദ്യത്തെ ഉത്തരക്കടലാസുകൾ തന്റേതായിരുന്നില്ലെന്നും സ്വന്തം ഉത്തരക്കടലാസുകൾ കൈയിൽ കിട്ടിയപ്പോൾ അതിലെ മാർക്കാണ് കൂട്ടിയ മാർക്ക് ആയി മാറിവന്നിരിക്കുന്നതെന്നും വിദ്യാർത്ഥി ആവർത്തിച്ചു. വിവിധ വിഷയങ്ങളിലായി 11 ചോദ്യങ്ങൾക്ക് പുനർമൂല്യനിർണയം ആവശ്യപ്പെട്ടിട്ടും ആകെ രണ്ട് മാർക്ക് മാത്രമാണ് ലഭിച്ചതെന്നും വേദാന്ത് പറഞ്ഞു. ഗണിതത്തിനും കംപ്യൂട്ടർ സയൻസിനും ഒരു മാർക്ക് വീതം വർദ്ധിച്ചപ്പോൾ ഫിസിക്‌സിൽ മാർക്കിൽ മാറ്റം ഉണ്ടായില്ലെന്നാണ് വേദാന്ത് വ്യക്തമാക്കുന്നത്.
മേയ് മാസത്തിൽ എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ആദ്യമായി സിബിഎസ്‌ഇക്കെതിരെ വേദാന്ത് രംഗത്തെത്തിയത്. തന്റെ ഫിസിക്‌സ് ഉത്തരക്കടലാസ് മറ്റൊരു വിദ്യാർത്ഥിയുടേതുമായി മാറിപ്പോയെന്നുള്ള വേദാന്തിന്റെ ആരോപണം സോഷ്യൽ മീഡിയയിൽ വലിയ വിവാദത്തിന് വഴിവച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |