ന്യൂഡൽഹി: ജൂലായ് ഒന്നുമുതൽ രാജ്യത്തെ വിവിധ മേഖലകളിൽ പലവിധ മാറ്റങ്ങൾ കൊണ്ടുവരികയാണ് കേന്ദ്രസർക്കാർ. ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത് പിടിക്കപ്പെടുന്നവർക്കുള്ള പിഴത്തുക 250 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി. സ്ത്രീകൾക്ക് റിസർവ് ചെയ്ത കോച്ചുകളിൽ യാത്ര ചെയ്യുന്ന പുരുഷ യാത്രക്കാർക്ക് 2500 രൂപവരെ പിഴ ചുമത്തും. മറ്റൊരാളുടെ ടിക്കറ്റുമായി യാത്ര ചെയ്യുകയോ ട്രെയിനിൽ ബഹളം വയ്ക്കുകയോ നിയമവിരുദ്ധമായി സാധനങ്ങൾ വിൽക്കുകയോ ചെയ്താൽ കനത്ത പിഴ ലഭിക്കും.
പാസ്‌പോർട്ട് എടുക്കുന്നതിനും ചെലവേറുന്നു. 36 പേജുള്ള പാസ്‌പോർട്ടിനുള്ള അപേക്ഷാഫീസ് 1500 രൂപയിൽ നിന്ന് 2500 രൂപയായി ഉയർത്തി. 60 പേജുള്ള പാസ്‌പോർട്ടിന് 2000 രൂപയിൽ നിന്ന് 3500 രൂപയായും ഉയർത്തി. 36 പേജുള്ള തത്‌കാൽ പാസ്‌പോർട്ടിന് ഇനിമുതൽ അപേക്ഷാ ഫീസ് 5000 രൂപയും 60 പേജുള്ളതിന് 6000 രൂപയുമാണ് പുതിയ നിരക്ക്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ കണക്കിലെടുത്ത് പെട്രോൾ, ഡീസൽ എന്നിവ വലിയ അളവിൽ വാങ്ങുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം നാളെ മുതൽ പിൻവലിക്കും. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണം ആവശ്യമില്ലെന്ന് കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ജൂൺ 12ന് ഇറക്കിയ ഉത്തരവിൽ ഹൈ സ്പീഡ് ഡീസലിന് പമ്പുകളിൽ ഒരു ഉപഭോക്താവിന് പ്രതിദിനം 200 ലിറ്റർ പരിധി നിശ്ചയിച്ചിരുന്നു. കൂടാതെ വ്യാവസായിക, വാണിജ്യ ആവശ്യത്തിന് ചില്ലറ വിൽപ്പന പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നതും വിലക്കി. കരിഞ്ചന്ത, പൂഴ്‌ത്തിവയ്‌പ് എന്നിവ തടയാൻ ലക്ഷ്യമിട്ട് മൂന്നുമാസത്തേക്കായിരുന്നു നടപടി.
വാണിജ്യ, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിലും മാറ്റം വരും. സിഎൻജി, പിഎൻജി, എടിഎഫ് എന്നിവയുടെ നിരക്കിലും മാറ്റമുണ്ടാകും. ആധാർ കാർഡിൽ ഇമെയിൽ വിലാസം അപ്‌ഡേറ്റ് ചെയ്യാത്തവർക്ക് ഇനിമുതൽ സൗജന്യമായി ഇത് ചെയ്യാം. ജൂലായ് ഒന്ന് മുതൽ ഡിസംബർ വരെയാണ് അവസരം. മുൻപ് ഇതിന് 75 രൂപ ഈടാക്കിയിരുന്നു.
2025-26 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർ 2026 ജൂലായ് 31 മുൻപ് സമർപ്പിക്കണം. ഈ തീയതി കഴിഞ്ഞാൽ പിഴ ഈടാക്കും. ദേശീയ സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യുമറേഷൻ നടത്താനുള്ള സമയം ഇന്ന് അർദ്ധരാത്രി അവസാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |