
ന്യൂഡൽഹി: വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിൽ ജാമിയ മില്ലിയ ഇസ്ലാമിയയിൽ പ്രതിഷേധം ശക്തമാകുന്നു. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി സർവകലാശാലയിലെ രണ്ട് ലൈബ്രറികൾ ഇന്നലെ അടച്ചു. സമരക്കാരെ ബലമായി നീക്കിയെന്നും മർദ്ദിച്ചെന്നും ഉയർന്ന ആരോപണങ്ങൾക്കു പിന്നാലെ ക്യാമ്പസിൽ സംഘർഷാവസ്ഥ തുടരുകയാണ്. നടപടികൾ പിൻവലിക്കണമെന്നും വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
ഡോ. സാക്കിർ ഹുസൈൻ ലൈബ്രറിയും പഴയ ലൈബ്രറിയുമാണ് ഇന്നലെ അടച്ചത്. ക്യാമ്പസിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടിയെന്ന് 17ന് പുറത്തിറക്കിയ അറിയിപ്പിൽ സർവകലാശാലാ ലൈബ്രേറിയൻ വ്യക്തമാക്കി. അതേസമയം, സമരത്തിൽ പങ്കെടുത്ത ഒരാളെ ഒരു വർഷത്തേക്ക് സർവകലാശാലയിൽനിന്ന് പുറത്താക്കുകയും രണ്ടുപേരെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. സസ്പെൻഷൻ കാലയളവിൽ ഇവർക്ക് ക്യാമ്പസിൽ പ്രവേശനവും വിലക്കിയിട്ടുണ്ട്.
12ന് മൂന്ന് വിദ്യാർത്ഥികൾ ആരംഭിച്ച നിരാഹാരസമരമാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് അടിസ്ഥാനം. 2006ൽ നിറുത്തിവച്ച വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്നും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ആദ്യം 18ാം നമ്പർ ഗേറ്റിനടുത്ത് സമരം നടത്താൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്നും തുടർന്ന് ഏഴാം നമ്പർ ഗേറ്റിനടുത്തുള്ള ഗാലിബ് പുൽത്തകിടിയിൽ സമരം തുടരുകയായിരുന്നെന്നും വിദ്യാർത്ഥികൾ പറയുന്നു.
ശനിയാഴ്ച പുലർച്ചെ 5.30ഓടെ സുരക്ഷാ ജീവനക്കാർ സമരസ്ഥലത്തെത്തി വിദ്യാർത്ഥികളെ ബലമായി നീക്കിയെന്നും മർദിച്ചെന്നും സമരക്കാർ ആരോപിച്ചു. കട്ടിലുകളും ടാർപോളിൻ ഷീറ്റുകളും തകർത്തതായും ചിലർക്ക് പരിക്കേറ്റതായും അവർ പറഞ്ഞു. സംഭവത്തെത്തുടർന്ന് ക്യാമ്പസിന് പുറത്തും പ്രതിഷേധം ഉയർന്നു. ശനിയാഴ്ച വൈകിട്ടോടെ വിദ്യാർത്ഥികൾ ഏഴാം നമ്പർ ഗേറ്റിലൂടെ വീണ്ടും ക്യാമ്പസിനുള്ളിൽ പ്രവേശിച്ച് പ്രതിഷേധം തുടർന്നു.
എന്നാൽ, സുരക്ഷാ ജീവനക്കാർ സ്വയംരക്ഷയ്ക്കായാണ് ഇടപെട്ടതെന്നാണ് സർവകലാശാലയുടെ വിശദീകരണം. നിശ്ചയിച്ച സമരസ്ഥലത്തിനു പകരം ഏഴാം നമ്പർ ഗേറ്റിനടുത്ത് പ്രതിഷേധം നടത്തിയതിലൂടെ അക്കാദമിക് പ്രവർത്തനങ്ങൾ തടസ്സപ്പെട്ടെന്നും അധികൃതർ പറയുന്നു. വിദ്യാർത്ഥി യൂണിയനു പകരം വിവിധ വകുപ്പുകളിലും കേന്ദ്രങ്ങളിലും വിദ്യാർത്ഥി പ്രതിനിധികളുള്ള സംവിധാനമാണ് നിലവിലുള്ളതെന്നും സർവകലാശാല വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |