SignIn
Kerala Kaumudi Online
Friday, 11 September 2026 1.56 AM IST

എൻജിനിയറിംഗ് വിസ്മയമായി സോജിലാ തുരങ്ക നിർമ്മാണം

sojila
സോജിലാ തുരങ്കത്തിനു മുന്നിൽ ലേഖകൻ

ശ്രീനഗർ: കാശ്മീർ താഴ്‌വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന എൻജിനിയറിംഗ് വിസ്മയമായ സോജിലാ തുരങ്ക നിർമ്മാണം അവസാനഘട്ടത്തിൽ. സമുദ്രനിരപ്പിൽ നിന്ന് 11,578 അടി ഉയരത്തിൽ നിർമ്മിക്കുന്ന ഏഷ്യയിലെ ഏറ്റവും നീളമേറിയ ദ്വിദിശാ സിംഗിൾട്യൂബ് റോഡ് തുരങ്കം യാഥാർത്ഥ്യമാകുമ്പോൾ ശ്രീനഗറിൽ നിന്ന് ലഡാക്കിലേക്കുള്ള യാത്രനേരം 20 മിനിട്ടായി ചുരുങ്ങുമെന്ന് ടണൽ പ്രോജക്ട് ടീം ലീഡർ യൂസഫ് ഇസ്ഹാഗ്പൂർ റഹിമാബാദി പറഞ്ഞു. നിലവിൽ മൂന്നു മണിക്കൂർ വേണം. കൊച്ചിയിൽ നിന്ന് ശ്രീനഗറിൽ പി.ഐ.ബി സംഘത്തോടൊപ്പമെത്തിയ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2028 ൽ കമ്മിഷൻ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. സോജിലാ തുരങ്കത്തിലേക്കെത്തുന്ന വഴിയിൽ നിർമ്മാണം പൂർണമായും പൂർത്തിയാക്കിയ ഭാഗം മാധ്യമപ്രവർത്തകരുടെ സംഘം സന്ദർശിച്ചു.

sojila1
സോജിലാ തുരങ്ക നിർമ്മാണം പുരോഗമിക്കുന്നു

ശൈത്യകാലത്തെ മഞ്ഞുവീഴ്ചയിൽ അഞ്ചു മുതൽ ആറു വരെ മാസക്കാലം സോജിലാ ചുരം അടച്ചിടുന്നത് മൂലം ലഡാക്ക് പൂർണ്ണമായും ഒറ്റപ്പെടുന്ന അവസ്ഥയ്‌ക്ക് തുരങ്കം പരിഹാരമാകും. പ്രതിരോധ മേഖലയ്‌ക്കും ടൂറിസത്തിനും വലിയ കരുത്താകും. തുരങ്കത്തിന്റെ ആദ്യഘട്ടം (തുരങ്കം പൂർണ്ണമായി തുരന്നെടുക്കൽ) 2026 ജൂൺ 9ന് പൂർത്തിയാക്കിയിരുന്നു. ലൈനിംഗ്, വെന്റിലേഷൻ, സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ അവസാനഘട്ട ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ മേഘ എൻജിനിയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല.

തന്ത്ര പ്രധാന നിർമ്മിതി


രാജ്യസുരക്ഷയുടെ കാര്യത്തിലും നിർണായക പങ്കുണ്ട് സോജിലാ തുരങ്കത്തിന്. ലഡാക്കിലേക്ക് ഇന്ത്യൻ സൈന്യത്തിന് ആവശ്യമായ ആയുധങ്ങളും മറ്റ് സാമഗ്രികളും ഇതുവഴി വേഗത്തിൽ എത്തിക്കാം.

നീളം: പ്രധാന തുരങ്കത്തിന് 13.153 കിലോമീറ്റർ. സമീപ റോഡുകളും പാലങ്ങളും ഉൾപ്പെടെ മൊത്തം 30.894 കിലോമീറ്റർ.


രൂപകൽപ്പന: സിംഗിൾട്യൂബ് തുരങ്കം. 9.5 മീറ്റർ വീതിയും 7.57 മീറ്റർ ഉയരവും.


സുരക്ഷാ സംവിധാനം: ഒട്ടോമാറ്റിക് ഫയർ ഡിറ്റക്ഷൻ ആൻഡ് സപ്രഷൻ സിസ്റ്റം, അത്യാധുനിക വെന്റിലേഷൻ, സി.സി ടിവി നിരീക്ഷണം, കാൽനടയാത്രക്കാർക്ക് ക്രോസ്‌പാസേജ് സൗകര്യം. ഹിമപാതങ്ങളിൽ നിന്നുള്ള സംരക്ഷണത്തിന് കട്ട് ആൻഡ് കവർ സെക്ഷനുകളും പ്രൊട്ടക്ഷൻ മതിലുകളും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREENAGAR, LATESTNEWS, ENGINEERING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360