
ന്യൂഡൽഹി:ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച സഹനടനെ കണ്ടെത്താൻ അവസാന റൗണ്ടിൽ ഇന്ദ്രൻസും ( ഹോം ) പങ്കജ് ത്രിപാഠിയും (മിമി-ഹിന്ദി) തമ്മിലായിരുന്നു മത്സരമെന്ന് ജൂറി അംഗം ജി. സുരേഷ് കുമാർ പറഞ്ഞു. ഒടുവിൽ ഇന്ദ്രൻസിനെ മറികടന്ന് പങ്കജ് ത്രിപാഠി മികച്ച സഹനടനായി. ഇന്ദ്രൻസിന് പ്രത്യേക പരാമർശവും നൽകി. സഹനടനുള്ള മത്സരത്തിൽ മലയാളത്തിൽ നിന്ന് ജോജുവും (നായാട്ട്, മധുരം) അവസാനം വരെ വന്നു.
മികച്ച നടനെ കണ്ടെത്താൻ പുഷ്‌പയിലെ കാരക്‌ടർ റോൾ ചെയ്‌ത അല്ലു അർജ്ജുനും ഹിന്ദി ചിത്രമായ സർദാർ ഉദ്ധംസിംഗിലെ നായക റോൾ ഭംഗിയാക്കിയ വിക്കി കൗശലും തമ്മിലായിരുന്നു മത്സരം. അല്ലുവിനെ തിരഞ്ഞെടുക്കാൻ ജൂറി ഏകകണ്ഠമായി തീരുമാനിച്ചു. മികച്ച നടിക്കു വേണ്ടി ആലിയ ഭട്ടും(ഗംഗുഭായ് കത്തിയാവാദി) കൃതി സനോണും(മിമി) തമ്മിൽ നല്ല പോരാട്ടം നടന്നു. നറുക്കിട്ടപ്പോൾ കൃതി ജയിച്ചെങ്കിലും ആലിയയെയും പരിഗണിക്കാൻ ജൂറി തീരുമാനിക്കുകയായിരുന്നു.
പ്രതിസന്ധി നേരിട്ട കൊവിഡ് കാലത്ത് നിർമ്മിച്ച സിനിമകളാണ് 2021ലെ അവാർഡുകൾക്ക് പരിഗണിച്ചത്. അതുകൊണ്ട് മലയാളത്തിൽ നിന്ന് എട്ടു സിനിമകൾ മാത്രമാണ് കേന്ദ്ര ജൂറിയുടെ മുന്നിലെത്തിയതെന്ന് ജി. സുരേഷ് കുമാർ പറഞ്ഞു. ഇതിൽ ആറു സിനിമയ്‌ക്ക് അവാർഡു കിട്ടിയത് വലിയ കാര്യമാണ്. അതേസമയം അഭിനയത്തിലും സാങ്കേതിക തികവിലും നല്ല നിലവാരം പുലർത്തിയ അന്യഭാഷാ ചിത്രങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.
കേതൻ മേത്ത അദ്ധ്യക്ഷനായ 11 അംഗ ജൂറിയാണ് അവാർഡുകൾ നിശ്ചയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |