
ന്യൂഡൽഹി: മമതാ ബാനർജി ഡൽഹിയിൽ തങ്ങി നേരിട്ട് നടത്തിയ ശ്രമങ്ങളെല്ലാം വിഫലം. തൃണമൂൽ കോൺഗ്രസിന്റെ 28 ലോക്‌സഭാ എം.പിമാരിൽ 19 പേർ ലോക്സഭയിൽ ബി.ജെ.പിക്ക് പിന്തുണ നൽകുന്ന പ്രത്യേക ബ്ളോക്കായി ഇരിക്കും. മൂന്നിൽ രണ്ട് എം.പിമാർ മാറുന്നതിനാൽ കൂറുമാറ്റ നിരോധന നിയമം ബാധകമല്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ താര പ്രചാരകരിൽ ഒരാളും ജാദവ്പൂർ എം.പിയുമായ സയോണി ഘോഷും വിമത ഗ്രൂപ്പിലുണ്ട്..മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാനും മുൻ ബി.ജെ.പി നേതാവും ബോളിവുഡ് താരവുമായ ശത്രുഘ്‌നൻ സിൻഹയും മറുകണ്ടം ചാടിയെന്നാണറിവ്.വിമത നീക്കത്തിന് മുൻകൈയെടുത്ത കകോലി ഘോഷിന് കേന്ദ്ര സർക്കാർ സുരക്ഷ ഏർപ്പെടുത്തി.
'രണ്ടുവഞ്ചി
പറ്രില്ല'
കോൺഗ്രസിൽ നിന്നെത്തിയ അസാമിൽ നിന്നുള്ള നേതാവും രാജ്യസഭാ എം.പിയുമായ സുസ്‌മിത ദേവും തൃണമൂൽ വിട്ടു. ഇന്നലെ ഡൽഹിയിൽ അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് രാജി പ്രഖ്യാപിച്ചത്. തൃണമൂലിലെ പ്രതിസന്ധിക്കിടെ കഴിഞ്ഞ ദിവസം രാജ്യസഭാംഗം സുകേന്ദു ശേഖർ റോയിയും രാജി വച്ചിരുന്നു. തനിക്ക് ഒരേസമയം രണ്ടു വഞ്ചിയിൽ നിൽക്കാനാകില്ലെന്ന് സുസ്‌മിത പറഞ്ഞു. സുസ്‌മിത 2021ലാണ് കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നത്. അസാമിലെ കോൺഗ്രസ് നേതാവ് സന്തോഷ് മോഹൻ ദേവിന്റെ മകളാണ്. മഹിളാ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ പദവി വഹിച്ചിട്ടുണ്ട്.
ലയനമില്ലെന്ന് കോൺഗ്രസ്
മമതയുടെ നേതൃത്വത്തിലുള്ള തൃണമൂലുമായി ലയനമില്ലെന്ന് കോൺഗ്രസ്. കഴിഞ്ഞ ദിവസം "ഇന്ത്യ" മുന്നണി യോഗത്തിനായി ഡൽഹിയിലെത്തിയ മമതയും മരുമകൻ അഭിഷേക് ബാനർജിയും കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കണ്ടതിന് പിന്നാലെയാണ് ലയന വാർത്ത പ്രചരിച്ചത്. തൃണമൂൽ ലയന താത്പര്യം അറിയിച്ചെന്നായിരുന്നു വാർത്ത.
ചൊവ്വാഴ്ച കേന്ദ്ര സർക്കാരിന്റെ വാർഷികവുമായി ബന്ധപ്പെട്ട ചടങ്ങിൽ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കവെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും ലയിക്കുന്നത് ബി.ജെ.പിക്ക് ഭീഷണിയാകുമെന്ന് പറഞ്ഞിരുന്നു. തൃണമൂൽ ബംഗാളിൽ അധികാരം സ്ഥാപിച്ച 2011ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഹായമുണ്ടായിരുന്നു. അതിനുശേഷം ദേശീയ തലത്തിൽ ബി.ജെ.പി വിരുദ്ധ മുന്നണിയിൽ പ്രവർത്തിച്ചെങ്കിലും ബംഗാളിൽ എതിർപക്ഷത്തായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |