
റാഞ്ചി: ഷൂവില്ല, സ്യൂട്ടില്ല. സ്വപ്നജോലി സ്വന്തമാക്കാൻ യുവതി ഓടിയത് നഗ്നപാദവുമായി. 1600 മീറ്റർ ആറ് മിനിട്ടുകൊണ്ട് ഓടി കായികക്ഷമതാ പരിശീലനം പൂർത്തിയാക്കിയ കവിതയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമത്തിലെ താരം. ജാർഖണ്ഡ് രാംഗഢ് ജില്ലയിൽ നിന്നുള്ള 27കാരിയായ കവിത മഹാതോ ഇഷ്ടികച്ചൂളയിലെ തൊഴിലാളിയാണ്. ജാർഖണ്ഡ് ഹോം ഗാർഡ് റിക്രൂട്ട്‌മെന്റിനായി തയ്യാറെടുക്കുകയാണ്. അതിന് മുന്നോടിയായുള്ള പരിശീലനത്തിലാണ് അസാമാന്യ പ്രകടനം കാഴ്ചവച്ചത്.
മൂന്നുവർഷം മുമ്പ് ഭർത്താവ് ദീപക് മഹാതോ മരണപ്പെട്ടു. രണ്ട് കുഞ്ഞുങ്ങളുണ്ട്. സ്വകാര്യ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. ഒരു സർക്കാർ ജോലി നേടണമെന്ന ലക്ഷ്യത്തോടെ കവിത ഹോം ഗാർഡ്, പോലീസ് റിക്രൂട്ട്‌മെന്റുകൾക്കായി തയ്യാറെടുക്കാൻ തുടങ്ങി. റണ്ണിംഗ് ഷൂവോ കായിക വസ്ത്രങ്ങളോ വാങ്ങാൻ പണമില്ലാത്ത കവിത, കുട്ടികൾ ഉണരുംമുമ്പ് എഴുന്നേറ്റ് ഗ്രാമത്തിലെ റോഡുകളിലൂടെ ഓടി പരിശീലിച്ചു.
പ്രാദേശിക ട്രെയിനിംഗ് അക്കാഡമി സംഘടിപ്പിച്ച പരീക്ഷണ ഓട്ടത്തിലാണ് കവിത പങ്കെടുത്തത്. 1600 മീറ്റർ 6 മിനിറ്റിൽ പൂർത്തിയാക്കി ഒന്നാമതായി. 10 മിനിട്ടാണ് അനുവദിച്ചിരുന്നത്. 24 മുതൽ നവംബർ 5 വരെയാണ് ഹോം ഗാർഡ് റിക്രൂട്ട്‌മെന്റിന്റെ ഔദ്യോഗിക കായികക്ഷമതാ പരിശോധന. കവിതയുടെ പ്രകടനത്തിൽ നിരവധി പേർ അഭിനന്ദനമറിയിച്ചു. ദീപാ മാഞ്ചി എം.എൽ.എ കവിത ആശംസയറിയിച്ചെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |