SignIn
Kerala Kaumudi Online
Monday, 19 October 2026 2.13 AM IST

ദുർഗാ പൂജയ്ക്കിടെ ദുരന്തം; സംഘാടകർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

READ ENGLISH VERSION
s

കൊൽക്കത്ത: ദുർഗാ പൂജ ആഘോഷങ്ങൾക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 19 പേർ മരിച്ച സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. ചോർബഗാൻ ദുർഗാ പൂജാകമ്മിറ്റി സെക്രട്ടറി രാജ് കുമാർ സെവ്ദ, വൈസ് പ്രസിഡന്റ് ശാന്തനു ദുബെ, മുള കൊണ്ടുള്ള പന്തൽ നിർമ്മാണത്തിന് നേതൃത്വം നൽകിയ വിപ്ലബ് മുഖർജി, ജനക്കൂട്ടം നിയന്ത്രിക്കാനുള്ള ചുമതലയുണ്ടായിരുന്ന കൗശിക് സാഹ, പിന്റുഡേ, സ്വകാര്യ സെക്യൂരിറ്റി ഇൻചാർജുമാരായ സുമൻ ചക്രവർത്തി, രാജേഷ് പാൽ എന്നിവരാണ് അറസ്റ്റിലായത്. സംഘാടകർ നടത്തിയ അനൗൺസ്‌മെന്റാണ് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.

കൊൽക്കത്ത മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സന്ദർശിച്ചതിനുശേഷമായിരുന്നു പ്രതികരണം. അതേസമയം പന്തൽ തകർന്നുവീഴാൻ സാദ്ധ്യതയുണ്ടെന്ന അനൗൺസ്‌മെന്റാണ് ദുരന്തകാരണമെന്നാണ് പൊലീസ് റിപ്പോർട്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും വീതം ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് പ്രഖ്യാപിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ശനിയാഴ്ച വൈകിട്ട് കൊൽക്കത്തയിലെത്തിയ ഷാ, ദുരന്തത്തെത്തുടർന്ന് ഇന്നലെ നടത്താനിരുന്ന ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചു. അതിനിടെ ദുരന്തത്തിൽ സുരക്ഷാവീഴ്ചയുണ്ടായെന്ന് ആരോപിച്ച് രംഗത്തെത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ശനിയാഴ്ചയായിരുന്നു അപകടം. മഴ പെയ്തതോടെ ആളുകൾ ഓടിക്കൂടുകയും പന്തലിൽ അനിയന്ത്രിതമായ തിരക്കുണ്ടാകുകയുമായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.

പൂജാപന്തലുകൾ അടച്ചിടും

നിരവധി ദുർഗാ പൂജാപന്തലുകൾ താത്കാലികമായി അടച്ചിടാൻ സർക്കാർ നിർദ്ദേശം നൽകി. നഗരത്തിൽ മാത്രം 3,500ഓളം പന്തലാണുള്ളത്. അതിനിടെ അപകടമുണ്ടാകുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യം പുറത്തുവന്നു. മൊബൈൽ ഫോണിൽ പകർത്തിയ 49 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ താഴ്ന്ന മേൽക്കൂരയുള്ള ഇടുങ്ങിയ പന്തലിൽ ആളുകൾ കൂടി നിൽക്കുന്നതും സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിലവിളിക്കുന്നതും കാണാം.

കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. ദുരന്തബാധിതർക്ക് ബംഗാൾ സർക്കാർ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്.

-പ്രധാനമന്ത്രി നരേന്ദ്രമോദി


അലങ്കാരങ്ങളേക്കാൾ വിലപ്പെട്ടതാണ് മനുഷ്യജീവൻ. പൂജാപന്തലുകളിൽ മതിയായ വെളിച്ചവും പ്രവേശനത്തിനും പുറത്തുകടക്കാനും പ്രത്യേക കവാടങ്ങളും ഉറപ്പാക്കണം. അധികൃതരുടെ നിർദ്ദേശം സംഘാടകർ പാലിക്കണം.

-സുവേന്ദു അധികാരി
ബംഗാൾ മുഖ്യമന്ത്രി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POOJAVAYP, DURGA PUJA ACCIDENT, SUVENDHU ADHIKARI, KOLKATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360