
ന്യൂഡൽഹി: സുഖസൗകര്യങ്ങളും സുരക്ഷയും നോക്കിയാണ് ഭൂരിഭാഗം യാത്രക്കാരും വിമാനത്തിൽ സീറ്റുകൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ വിമാനാപകടങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ പരിശോധിക്കുന്നത് മറ്റൊരു കാര്യമാണ്— വിമാനയാത്രയിൽ ഏറ്റവും സുരക്ഷിതമായ സീറ്റുകൾ ഏതൊക്ക എന്നതാണ് ഗവേഷകർ പരിശോധിക്കുന്നത്.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ, നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് എന്നിവയിൽ നിന്നുള്ള ഡാറ്റ പരിശോധിച്ച് ടൈം മാഗസിൻ തയാറാക്കിയ വിശകലനമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. 1985നും 2000നും ഇടയിൽ നടന്ന മാരകമായ 17 വിമാനാപകടങ്ങളാണ് അവർ വിശകലനം ചെയ്ത് തയാറാക്കിയിരിക്കുന്നത്.
68ശതമാനമാണ് വിമാനത്തിന്റെ ചിറകുകൾക്ക് പിന്നിലായി സീറ്റ് ലഭിച്ച യാത്രക്കാരുടെ അതിജീവന നിരക്ക്. ഇവിടെയാണ് അപകടസാദ്ധ്യത ഏറ്റവും കുറവായി കണ്ടത്. 62ശതമാനമാണ് വിമാനത്തിന്റെ മുൻഭാഗത്ത് ഇരുന്നവരുടെ അതിജീവന നിരക്ക്. വിമാനത്തിന്റെ ചിറകുകൾക്ക് മുകളിലായുള്ള അതായത് മദ്ധ്യഭാഗത്തെ (ചിറകുകൾക്ക് മുകളിൽ) സീറ്റുകളിൽ ഇരുന്നവർക്ക് 61ശതമാനം അതിജീവന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പല വിമാനാപകടങ്ങളിലും വിമാനത്തിന്റെ മുൻഭാഗമാണ് ആദ്യം നിലത്തോ മറ്റ് എവിടെയെങ്കിലും ഇടിക്കുന്നതും ആഘാതം മുഴുവൻ ഏറ്റുവാങ്ങുന്നതും. 2012ൽ മെക്സിക്കോയിലെ സോനോരൻ മരുഭൂമിയിൽ ഡിസ്‌കവറി ചാനൽ നടത്തിയ പരീക്ഷണം ഇതിന് ഉദാഹരണമാണ്. പൈലറ്റില്ലാത്ത ഒരു വിമാനം ബോധപൂർവ്വം മൂക്ക് കുത്തിച്ച് ക്രാഷ് ലാൻഡ് ചെയ്യിക്കുകയായിരുന്നു അവർ. അപകടത്തിൽ വിമാനത്തിന്റെ വാൽഭാഗം താരതമ്യേന തകരാറുകൾ കൂടാതെ അവശേഷിച്ചു. പിൻഭാഗത്തിരിക്കുന്ന യാത്രക്കാർക്ക് ആദ്യത്തെ ആഘാതം അതിജീവിക്കാൻ കൂടുതൽ സാദ്ധ്യതയുണ്ടെന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.
അപകടസമയത്ത് എമർജൻസി എക്സിറ്റിലേക്കുള്ള ദൂരവും നിർണായകമാണ്. 2008ൽ ഗ്രീൻവിച്ച് സർവ്വകലാശാല നടത്തിയ പഠനമനുസരിച്ച്, എമർജൻസി എക്സിറ്റുകൾക്ക് സമീപം ഇരിക്കുന്ന യാത്രക്കാർക്ക്, പ്രത്യേകിച്ച് തീപിടുത്തം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ വേഗത്തിൽ രക്ഷപ്പെടാൻ കഴിയുമെന്നാണ് വിശകലനം ചെയ്യുന്നത്.
അതേസമയം ഒരു പ്രത്യേക സീറ്റ് എപ്പോഴും സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പിച്ചു പറയാനാകില്ലെന്നാണ് വ്യോമയാന വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. കാരണം ഓരോ വിമാനാപകടങ്ങളും വ്യത്യസ്തമാണ്. ചിലത് വിമാനത്തിന്റെ മുൻഭാഗത്തെ ബാധിക്കുമ്പോൾ, മറ്റുള്ളവ വാൽഭാഗത്തെയോ ചിറകുകളെയോ അല്ലെങ്കിൽ വിമാനത്തിന്റെ മദ്ധ്യഭാഗത്തോ ആകാം തകർക്കുന്നത്. ഒരു പ്രത്യേക അപകടത്തിൽ സുരക്ഷിതമായേക്കാവുന്ന സീറ്റ് മറ്റൊരു സാഹചര്യത്തിൽ ഏറ്റവും അപകടം പിടിച്ചതായി മാറാം.
ചില അപകടങ്ങളിൽ പിൻസീറ്റുകൾക്കും എമർജൻസി എക്സിറ്റുകൾക്ക് അടുത്തുള്ള സീറ്റുകൾക്കും മുൻഗണന ഉണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, വിമാനത്തിലെ ഒരു സീറ്റും അപകടങ്ങളിൽ 100 ശതമാനം ജീവൻ രക്ഷിക്കുമെന്ന് ഉറപ്പുനൽകുന്നില്ല എന്നാണ് വിദഗ്ദ്ധരുടെ പൊതുവായ വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |