SignIn
Kerala Kaumudi Online
Friday, 09 October 2026 12.06 AM IST

ഷമിയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സെലക്ടർമാർ,​ ഭുവിയുടെ തിരിച്ചുവരവിന് പിന്നിലെ കാരണം വ്യക്തമാക്കി പരിശീലകൻ

bhuvaneshwar-shami
ഭുവനേശ്വർ കുമാർ,​ മുഹമ്മദ് ഷമി

റാഞ്ചി: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ട്വന്റി-20 ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തുന്ന പേസർ ഭുവനേശ്വർ കുമാറിന് പിന്തുണയുമായി സഹപരിശീലകൻ സിതാൻഷു കൊട്ടക്. ന്യൂസിലൻഡിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ 36കാരനായ ഭുവനേശ്വറിനെ ഉൾപ്പെടുത്തിയത് അനുഭവസമ്പത്തും ഐ.പി.എല്ലിലെ മികച്ച പ്രകടനവും പരിഗണിച്ചാണെന്ന് കൊട്ടക് പറഞ്ഞു. 2022 നവംബറിലാണ് ഭുവനേശ്വർ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.

കഴിഞ്ഞ രണ്ട് ഐ.പി.എൽ സീസണുകളിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി മികച്ച പ്രകടനം നടത്തിയതാണ് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയത്. 2025, 2026 സീസണുകളിലായി 45 വിക്കറ്റാണ് ഭുവനേശ്വർ നേടിയത്. തുടർച്ചയായ രണ്ട് സീസണുകളിൽ ആർ.സി.ബി കിരീടം നേടിയപ്പോഴും താരം നിർണായക പങ്കുവഹിച്ചു.

ബുംറ ഇല്ലാതിരുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ നിരവധി യുവ പേസർമാരെ ഇന്ത്യ പരീക്ഷിച്ചിരുന്നു. യുവ താരങ്ങൾ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും നിർണായക ഘട്ടങ്ങളിൽ അനുഭവസമ്പത്തുള്ള താരങ്ങളുടെ സാന്നിദ്ധ്യം ആവശ്യമാണ്. ന്യൂസിലൻഡിലെ സാഹചര്യങ്ങൾ പരിഗണിച്ചായിരിക്കാം ഭുവിയെ ടീമിലേക്ക് തിരികെ വിളിച്ചതെന്ന് കൊട്ടക് പറഞ്ഞു.

ഭുവനേശ്വറിന്റെ തിരിച്ചുവരവോടെ മുഹമ്മദ് ഷമിയുടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവും ചർച്ചയാകുന്നുണ്ട്. എന്നാൽ ഷമിയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സെലക്ടർമാരാണെന്ന് കൊട്ടക് വ്യക്തമാക്കി. 'ഷമിയും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്. ടീമിന് ആവശ്യമുണ്ടെന്ന് സെലക്ടർമാർ കരുതിയാൽ അദ്ദേഹത്തെയും തിരഞ്ഞെടുക്കാം,' കൊട്ടക് പറഞ്ഞു.

താരങ്ങളുടെ പരിക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ ടീം മാനേജ്‌മെന്റിനും സെലക്ടർമാർക്കും കൈമാറുന്നതിൽ മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മണിന് പുതിയ ചുമതല നൽകുമെന്ന റിപ്പോർട്ടുകളെക്കുറിച്ച് തനിക്ക് കൂടുതൽ വിവരമില്ലെന്നും കൊട്ടക് പറഞ്ഞു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ആവശ്യങ്ങൾക്ക് എപ്പോഴും മുൻഗണന നൽകുന്ന വ്യക്തിയാണ് ലക്ഷ്മണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ലക്ഷ്മണും തമ്മിൽ സ്ഥിരമായി ആശയവിനിമയം നടത്താറുണ്ടെന്നും കൊട്ടക് വ്യക്തമാക്കി.

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വന്റി-20യിൽ എട്ട് വിക്കറ്റിന്റെ വിജയം നേടിയ ഇന്ത്യ തുടർച്ചയായ പത്താം ജയമാണ് സ്വന്തമാക്കിയത്. ഏകദിന പരമ്പരയും 2–1ന് ഇന്ത്യ നേടിയിരുന്നു. വിജയത്തിനൊപ്പം യുവതാരങ്ങൾക്ക് അവസരം നൽകുന്നതിലും ടീം മാനേജ്‌മെന്റ് ശ്രദ്ധിക്കുമെന്ന് കൊട്ടക് പറഞ്ഞു. പുതിയ താരങ്ങളെ പരീക്ഷിക്കുമ്പോൾ ചില പരിചയസമ്പന്നർക്ക് അവസരം നഷ്ടപ്പെടാം. എന്നാൽ ഭാവിയിലേക്ക് ഒരു ശക്തമായ ടീമിനെ ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

Indian pacer Bhuvneshwar Kumar is set to return to the T20I squad after a four-year gap. Assistant coach Sitanshu Kotak said the 36-year-old was recalled for his experience and impressive IPL performances for Royal Challengers Bengaluru.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHUVANESWAR KUMAR, SHAMI, LATESTNEWS, SPORTS, KOTAK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360