SignIn
Kerala Kaumudi Online
Friday, 09 October 2026 8.53 AM IST

സ്റ്റാർ ലിങ്കിനെ തടഞ്ഞെന്ന് മസ്‌ക്, വിവേചനമില്ലെന്ന് ഇന്ത്യ

f

ന്യൂഡൽഹി: റിലയൻസിന്റെ സ്വാധീനം കാരണം തന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനം വൈകുന്നുവെന്ന സ്‌പേസ് എക്‌സ് മേധാവിയും വ്യവസായിയുമായ ഇലോൺ മസ്‌കിന്റെ പ്രസ്‌താവന നിഷേധിച്ച് കേന്ദ്രസർക്കാർ. ഇന്ത്യയിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾക്കായുള്ള ചട്ടക്കൂട് സുതാര്യവും വിവേചനരഹിതവുമാണെന്ന് വ്യക്തമാക്കി.

പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴി പുറത്തിറക്കിയ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ മസ്‌കിന്റെയോ സ്റ്റാർലിങ്കിന്റെയോ പേര് പരാമർശിച്ചിട്ടില്ല. ഇന്ത്യയിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ചട്ടക്കൂട് വിവേചനപരമാണെന്ന സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റിനുള്ള മറുപടിയെന്നാണ് പറയുന്നത്.

ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കാൻ മൂന്ന് ടെലികോം ലൈസൻസുകൾ അനുവദിച്ചിട്ടുണ്ടെന്നും അവർ എല്ലാ ഉപയോക്താക്കളുടെയും അവരുടെ ഡാറ്റയുടെയും സുരക്ഷ ഉറപ്പാക്കാൻ ബാദ്ധ്യസ്ഥരാണെന്നും മന്ത്രാലയം പറഞ്ഞു. ലൈസൻസ് ലഭിച്ച കമ്പനികളുടെ സുരക്ഷാ വിലയിരുത്തൽ നടപടി പൂർത്തിയായാൽ സ്പെക്ട്രം അനുവദിക്കും. നടപടിക്രമങ്ങൾ പുരോഗമിക്കുന്ന ഘട്ടത്തിൽ ചട്ടക്കൂട് അന്യായവും വിവേചനപരവുമാണെന്ന് പറയുന്നത് അടിസ്ഥാന രഹിതവും തെറ്റിദ്ധാരണാ ജനകവുമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

സ്റ്റാർലിങ്കിന്റെ പ്രവർത്തനം വൈകുന്നത് ഇന്ത്യയിലെ ജനങ്ങളോടുള്ള ദ്രോഹമാണെന്നും അതിന് കാരണക്കാർ ചില പ്രഭുക്കൻമാരാണെന്നുമാണ് മസ്‌ക്‌ എക്‌സിൽ കുറിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360