
ന്യൂഡൽഹി: സൗദി അറേബ്യയിലെ ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ 10 വരെ നിറുത്തിവച്ചു. ഇൻഡിഗോ, ആകാശ സർവീസുകളും റദ്ദാക്കി. ഡൽഹി-റിയാദ് എയർ ഇന്ത്യ വിമാനം പാതിവഴിയിൽ മടങ്ങി. ഇൻഡിഗോ ഹൈദരാബാദ്-റിയാദ് വിമാനം 6 ഇ 93 വിമാനം ദമ്മാമിലേക്ക് തിരിച്ചുവിട്ടു. ഇന്നത്തെ ഡൽഹി-റിയാദ്, മുംബയ്-റിയാദ്, ഹൈദരാബാദ്-റിയാദ് സർവീസുകൾ റദ്ദാക്കി.
വിമാനത്താവളങ്ങളിലേക്ക് പുറപ്പെടും മുൻപ് സർവീസുകളുണ്ടോയെന്ന് പരിശോധിക്കണം. റദ്ദാക്കിയ സർവീസുകളിൽ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് സൗജന്യ റീഷെഡ്യൂളിംഗ് അല്ലെങ്കിൽ റീഫണ്ട് ചെയ്യുമെന്ന് കമ്പനികൾ അറിയിച്ചു. സർവീസുകളുടെ വിശദാംശങ്ങൾക്ക് എയർലൈൻ ഉപഭോക്തൃ സേവന കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.
# കൊച്ചിയിൽ നിന്നുള്ള
രണ്ട് സർവീസ് റദ്ദാക്കി
ഇന്നലെ രാത്രി 7.55ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട ആകാശ എയറിന്റെ റിയാദ് വിമാനവും 9.40ന് പുറപ്പെടേണ്ട സൗദിയയുടെ റിയാദ് വിമാനവുമാണ് റദ്ദാക്കിയത്.
കണ്ണൂരിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം തിരിച്ചിറക്കി
# 'ആക്രമണം
അസ്വീകാര്യം'
റിയാദിലെ അബഹ, കിംഗ് ഖാലിദ് വിമാനത്താവളങ്ങൾക്കുനേരെ നടന്ന ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചു. പൗരന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അസ്വീകാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
# റിയാദിൽ വീണ്ടും ആക്രമണം
റിയാദിനെ അടക്കം ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ പ്രകോപനം തുടരുന്നു. റിയാദിനെയും ഖാമിസ് മുഷൈത്തിനെയും ലക്ഷ്യമാക്കിയ മൂന്ന് ഹൂതി ബാലിസ്റ്റിക് മിസൈലുകളെ തകർത്തു. ആളപായമില്ല. അവശിഷ്ടങ്ങൾ പതിച്ച് നാശനഷ്ടങ്ങളുണ്ടായി.
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെയാണ് ഉന്നമിട്ടത്. കഴിഞ്ഞ ദിവസങ്ങളിലും വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. വ്യോമാക്രമണ ഭീഷണി കണക്കിലെടുത്ത് റിയാദിലെ ചില ഓഫീസുകളിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി.
അതേസമയം, യെമനിൽ സർക്കാരും സൗദി സഖ്യസേനയും ചേർന്ന് ഹൂതി കേന്ദ്രങ്ങളിൽ ബോംബാക്രമണങ്ങൾ തുടരുകയാണ്. പടിഞ്ഞാറൻ തായിസ് നഗരം ഹൂതികളിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ചെങ്കടൽ തീരത്തെ ചില പർവത പ്രദേശങ്ങൾ യെമൻ സൈന്യം പിടിച്ചെടുത്തു.
ഞായറാഴ്ച മുതൽ 1,860 ലേറെ ഹൂതി വിമതർക്ക് പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തെന്ന് യെമൻ സൈന്യം അവകാശപ്പെട്ടു. വാദങ്ങളെ ഹൂതികൾ തള്ളി. വടക്കൻ പ്രവിശ്യയായ അൽ ജൗഫിൽ നിന്ന് സൈന്യത്തെ തുരത്തിയെന്നും നിരവധി പേർ കൊല്ലപ്പെട്ടെന്നും ഹൂതികൾ അവകാശപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |