
മോസ്കോ: റഷ്യയിലെ സൈബീരിയയിൽ ഗവേഷക ന്യുമോണിയ ബാധിച്ച് മരിച്ചത് പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഇർകുറ്റ്‌സ്‌ക് റിസേർച് ആന്റി പ്ലേഗ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സൈബീരിയ എന്ന ലാബിലെ ടെക്നീഷ്യനായ ഡാരിയ ഷിപിലോവയാണ് (28) മരിച്ചത്. ഗവേഷണത്തിനിടെ ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് പൊട്ടി ഡാരിയയ്ക്ക് ന്യുമോണിക് പ്ലേഗ് പിടിപ്പെട്ടെന്നാണ് പ്രചരിക്കുന്നത്. എന്നാൽ ഇത്തരം വാദങ്ങളെ റഷ്യ തള്ളുന്നു. മാത്രമല്ല, പ്ലേഗിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പറയുന്നു.
അതേ സമയം, ശക്തമായ മുൻകരുതലുകൾ ഉണ്ടായാലും ലാബിൽ നിന്ന് ആകസ്മികമായി രോഗാണുക്കൾ പുറത്ത് പോകാനുള്ള സാദ്ധ്യത പൂർണമായി തള്ളാനാകില്ല. അണുബാധയേറ്റ ഉപകരണങ്ങളോ അല്ലെങ്കിൽ ലാബിലെ ജോലിക്കാരോ രോഗാണു വാഹകരായി മാറിയേക്കാം. ഇത്തരം ബയോസെക്യൂരിറ്റി അപകടങ്ങൾ മുമ്പ് ലോകത്തുണ്ടായിട്ടുണ്ടെങ്കിലും അതീവ ഗുരുതരമായ നിലയിൽ വ്യാപനം ഉണ്ടായിട്ടില്ല.
ഓസ്ട്രേലിയൻ മൈക്രോബയോളജിസ്റ്റായിരുന്ന ഡോറ ലഷിന്റെ മരണം മാരക ചെള്ളുപനി രോഗാണുക്കളുള്ള സൂചി അബദ്ധത്തിൽ വിരലിൽ കൊണ്ട്. ചെള്ളുപനിയ്ക്കുള്ള വാക്സിൻ വികസിപ്പിക്കുന്നതിനിടെ 1943ലായിരുന്നു ഇത്
1978ൽ യു.കെയിലെ ലാബിൽ നിന്ന് വസൂരി വൈറസ് ബാധയേറ്റ് ജാനറ്റ് പാർക്കർ എന്ന മെഡിക്കൽ ഫോട്ടോഗ്രാഫർ മരിച്ചു. ജാനറ്റിന് രോഗാണു ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. ഇതേ ലാബിൽ നിന്ന് തന്നെ 1966ലും വസൂരി വൈറസ് പുറത്തുചാടി
നൈജീരിയയിലെ ഇബാഡനിലുള്ള ഒരു ലാബിൽ 1963 മുതൽ 1977 കാലയളവിലുണ്ടായ വെസ്റ്റ് നൈൽ, ചിക്കുൻഗുനിയ, യെല്ലോ ഫീവർ തുടങ്ങിയ ഡസൻ കണക്കിന് വൈറസുകളുടെ ചോർച്ചകളിൽ 1,000ത്തിലേറെ പേർക്ക് രോഗബാധയുണ്ടായി. 50 ലേറെ പേർ മരിച്ചു
2004ൽ സൈബീരിയയ്ക്കടുത്തുള്ള വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ എബോള വൈറസ് അടങ്ങിയ സിറിഞ്ച് കൈകൊണ്ട് തൊട്ടതിനെ തുടർന്ന് ഒരു ഗവേഷക മരിച്ചു. സമാന രീതിയിൽ 1988ൽ ഒരു ഗവേഷകന് മാർബർഗ് രോഗം പിടിപെട്ടു
2020ൽ വടക്ക് പടിഞ്ഞാറൻ ചൈനയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ചൈന ആനിമൽ ഹസ്ബന്ററി ലാൻസു ബയോഫാർമസ്യൂട്ടിക്കൽ പ്ലാന്റിലെ വാക്സിൻ ലാബിലുണ്ടായ ചോർച്ചയെ തുടർന്ന് 6,000ത്തിലേറെ പേർക്ക് ബാക്ടീരിയ പരത്തുന്ന ബ്രൂസെല്ലോസിസ് രോഗം സ്ഥിരീകരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |