
പോത്തൻകോട്: 13കാരിയായ മകളോട് അതിക്രമം കാട്ടിയ അയൽവാസിയായ 40കാരന്റെ കാൽ പിതാവ് അടിച്ചൊടിച്ചു. എന്നിട്ടും അരിശം മാറാത്ത പിതാവ് യുവാവിന്റെ മൂക്ക് ഇടിച്ച് തകർക്കുകയും ചെയ്തു. പോത്തൻകോട് മയിലാടുംമുകളിലാണ് സംഭവം. തടിക്കഷണം കൊണ്ടുള്ള മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ പോത്തൻകോട് സ്വദേശി വിനോദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അവിവാഹിതനാണ്.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് സംഭവം. വീട്ടിൽ ഒറ്റയ്‌ക്ക് കഴിയുന്ന വിനോദ്,പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടി വീട്ടിലെത്തിയ ഉടൻ വിനോദ് മുൻവശത്തെ വാതിൽ അടയ്‌ക്കുന്നത് കണ്ട മറ്റൊരു അയൽവാസി വിനോദിന്റെ വീട്ടിലെത്തി വഴക്കുപറഞ്ഞു. തുടർന്ന് പിറകുവശത്തെ വാതിൽ വഴി പെൺകുട്ടി പുറത്തിറങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു. ഇത് പിതാവ് കണ്ടതോടെയാണ് 40കാരനെ മർദ്ദിച്ചത്.
ഇരുവീട്ടുകാരും ഇക്കാര്യം രഹസ്യമാക്കി വച്ചെങ്കിലും മെഡിക്കൽ കോളേജ് അധികൃതർ വിവരം പൊലീസിനെ അറിയിച്ചതാണ് സംഭവം പുറത്തറിയാൻ കാരണം. പോത്തൻകോട് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം വിനോദിനെതിരെ പോക്‌സോ കേസെടുത്തു. മർദ്ദനത്തിൽ കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |