
കൊച്ചി: ജീവിതപങ്കാളികൾക്ക് ഐ.വി.എഫ് ചികിത്സയിലൂടെ പിറന്ന 14കാരിക്ക് പിതാവിന്റെ പേരുചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് അനുവദിക്കാൻ ഹൈക്കോടതി ഉത്തരവ്. പിതാവിന്റെ പേര് ഒഴിച്ചിട്ട് നൽകിയിരുന്ന സർട്ടിഫിക്കറ്റ് കുട്ടിക്കും രക്ഷിതാക്കൾക്കും തീരാവേദനയാകുമെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഇടപെടൽ. തമിഴ്നാട്ടിൽ താമസിക്കുന്ന ചങ്ങനാശേരി സ്വദേശിയും ഭർത്താവായ കാസർകോട് സ്വദേശിയും നൽകിയ ഹർജിയിലാണ് ഉത്തരവ്. സർട്ടിഫിക്കറ്റിൽ ഭേഗഗതി വരുത്താനുള്ള അപേക്ഷ, വ്യവസ്ഥകളില്ലെന്നു ചൂണ്ടിക്കാട്ടി പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ജനനമരണ രജിസ്ട്രാർ നിരസിച്ചതിനെതുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. നിയമങ്ങൾ ജീവിതം അടയാളപ്പെടുത്താനുള്ളതാണെന്നും തടസപ്പെടുത്താനുള്ളതല്ലെന്നും കോടതി നിരീക്ഷിച്ചു.
ഹർജിക്കാർ ദുബായിൽ ജോലി ചെയ്യുമ്പോഴാണ് അടുപ്പത്തിലായതും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതും. വിവാഹത്തിന് വീട്ടുകാരിൽ നിന്ന് എതിർപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് യുവാവിന്റെ ബീജത്തിൽ നിന്ന് കൃത്രിമ ഗർഭംകൊണ്ടത്. ഹർജിക്കാർ തമ്മിൽ അക്കാലത്ത് ചില തർക്കങ്ങളുമുണ്ടായി. അതിനാൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരില്ലാതെ 'സിംഗിൾ മദർ" എന്നാണ് രേഖപ്പെടുത്തിയത്. പിന്നീട് ഇരുവരും വിവാഹിരാവുകയും രണ്ടാമത്തെ കുട്ടി ജനിക്കുകയും ചെയ്തു. ഈ കുട്ടിക്ക് പിതാവിന്റെ പേരു ചേർത്തുള്ള ജനന സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതോടെയാണ് ആദ്യത്തെ കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരുചേർക്കാത്ത പ്രശ്നം ഇവരെ അലട്ടിയത്. കുടുംബക്കോടതിയിലടക്കം പിതൃത്വം ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് ജനനമരണ രജിസ്ട്രാർക്ക് പുതിയ അപേക്ഷ നൽകിയത്.
ഹർജിക്കാരിയുടെ മകളുടെ ജനന രജിസ്ട്രറിൽ പിതാവിന്റെ പേരും കുട്ടിയുടെ പേരുമാറ്റവും രേഖപ്പെടുത്താനും അതിനനുസരിച്ചുള്ള സർട്ടിഫിക്കറ്റ് 30 ദിവസത്തിനകം നൽകാനും കോടതി നിർദ്ദേശം നൽകി. ഈ കേസിലെ കുട്ടിയുടെ വ്യഥ പിറവി ചോദ്യം ചെയ്തപ്പെട്ട മഹാഭാരതത്തിലെ കർണന്റെ അനുഭവത്തിന് സമാനമാണെന്ന് കോടതി പറഞ്ഞു. 'നിയമം ചിലപ്പോൾ കഴുത"യേപ്പോലെയാണെന്ന ഒളിവർ ട്വിസ്റ്റ് നോവലിലെ വിഖ്യാതമായ വാചകവും ഉദ്ധരിച്ചാണ് വിധിപറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |