
ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിൽ കായികപ്രേമികളുടെ ആവേശം വാനോളമുയർത്തിയ ആലപ്പി റിപ്പിൾസ് ഇനി വോളിബാൾ കോർട്ടിലും തീപാറിക്കും. മാവേലിക്കര ബിഷപ് മൂർ കോളേജിലെ വോളിബാൾ ടീമിനെ ഔദ്യോഗികമായി ഏറ്റെടുത്തുകൊണ്ടാണ് ആലപ്പി റിപ്പിൾസ് കായിക സാന്നിദ്ധ്യം വിപുലീകരിച്ചത്. യുവാക്കൾക്ക് കായിക മേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക, അവരുടെ കഴിവ് പ്രകടിപ്പിക്കാൻ മികച്ച വേദിയൊരുക്കുക, കായികതാരങ്ങൾക്ക് പിന്തുണ നൽകി രാജ്യത്തിന് തന്നെ മുതൽക്കൂട്ടാകുന്ന പ്രതിഭകളെ വാർത്തെടുക്കുക എന്നിവയാണ് പുതിയ കാൽവെപ്പിലൂടെ മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. ഭാവിയിൽ ഇന്ത്യൻ കായിക മേഖലയ്ക്ക് അഭിമാനമാകുന്ന താരങ്ങളെ വാർത്തെടുക്കുകയാണ് ആലപ്പി റിപ്പിൾസിന്റെ പ്രഥമ പരിഗണനയെന്ന് ആലപ്പി റിപ്പിൾസ് ഉടമയും സി.എസ്.എസ് ഗ്രൂപ്പ് ചെയർമാനുമായ ടി. എസ്. കലാധരൻ വ്യക്തമാക്കി.
മികച്ച യുവതാരങ്ങളെയും പരിചയസമ്പന്നരായ കളിക്കാരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ടീം രൂപീകരിച്ചിരിക്കുന്നത്. ജൂനിയർ ഇന്ത്യൻ താരമായ അക്ഷയ് പ്രകാശ്, നിലവിലെ സീനിയർ ഇന്ത്യൻ ക്യാമ്പ് താരം മുഹമ്മദ് നിഹാൽ സി. കെ., പ്രൈം വോളി താരങ്ങളായ മുഹമ്മദ് ജാസിം, അൽജോ കെ. സാബു എന്നിവരാണ് ടീമിലെ പ്രധാനികൾ. ഇവർക്കൊപ്പം നാഷണൽ യൂത്ത് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച സൂര്യനാരായണൻ, ആൽബിൻ, സഞ്ജയ്, സുജിത് എന്നിവരും ഇന്ത്യൻ യൂണിവേഴ്സിറ്റി ടീം അംഗങ്ങളും മറ്റ് യൂണിവേഴ്സിറ്റി താരങ്ങളും ടീമിന്റെ ഭാഗമാണ്. കേരളത്തിന് പുറത്തുനിന്ന്, പ്രത്യേകിച്ച് കർണാടക, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച കായികതാരങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻ കേരള സ്പോർട്സ് കൗൺസിൽ വോളിബാൾ കോച്ചും പ്രൈം വോളി പരിശീലകനുമായിരുന്ന മനോജ് .എസ് ആണ് ടീമിന്റെ പരിശീലകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |