SignIn
Kerala Kaumudi Online
Sunday, 21 June 2026 5.49 AM IST

ഗുജറാത്തിലെ ക്ഷേത്രത്തിൽ അനുഗ്രഹം ചൊരിയാൻ സർവോത്തമന്റെ മുത്തപ്പൻമാർ

muthappan-new

കണ്ണൂർ: പള്ളിക്കുന്ന് സ്വദേശി എം.സർവോത്തമൻ നിർമ്മിച്ച ശ്രീ മുത്തപ്പൻ ,തിരുവപ്പന ശിൽപങ്ങൾ ഗുജറാത്തിലേക്ക്. കണ്ണൂരിന്റെ കൺകണ്ട ദൈവങ്ങളുടെ കോൺക്രീറ്റ് ശില്പങ്ങൾ അഹമ്മദാബാദിലെ സനന്ദിലുള്ള മുത്തപ്പൻ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലേക്കായാണ് ഒരുക്കുന്നത്.
ഒന്നര ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ആ ക്ഷേത്രത്തിന്റെ കവാടത്തിൽ ഈ ശില്പങ്ങൾ സ്ഥാപിക്കാനായുള്ള ദൗത്യം നാലു മാസം മുൻപാണ് എം.സർവോത്തമൻ ഏറ്റെടുത്തത്. മുപ്പതിലധികം വർഷമായി ചിത്രരചനയ്ക്കും ശില്പ നിർമ്മാണത്തിനുമായി നീക്കിവച്ച ഈ കലാകാരൻ മുത്തപ്പൻ, തിരുവപ്പന, വിഷ്ണു, ശിവൻ, മുത്തപ്പന്റെ വാഹനമായ നായ എന്നീ ശിൽപങ്ങളാണ് സനന്ദിലെ ക്ഷേത്രത്തിനായി നിർമ്മിച്ചത്. ഈ ശില്പങ്ങളെല്ലാം കഴിഞ്ഞ വ്യാഴാഴ്ച ലോറി മാർഗം ഗുജറാത്തിലേക്ക് തിരിച്ചു.
ഈ ശില്പ നിർമ്മാണത്തിന്റെ തുടക്കത്തിന് ഒരു നിയോഗ കഥയുണ്ട്. കണ്ണൂർ ചെറുപുഴ സ്വദേശിയും അഹമ്മദാബാദ് ശ്രീ മുത്തപ്പൻ സേവാ സമിതിയുടെ മാനേജിംഗ് ട്രസ്റ്റിയുമായ എ.രവീന്ദ്രൻ, കണ്ണൂർ നഗരത്തിലെ ഹൈലാൻഡ് മുത്തപ്പൻ ക്ഷേത്രത്തിൽ കണ്ട ശില്പത്തെ കുറിച്ച് നടത്തിയ അന്വേഷണമാണ് സർവോത്തമനിലെത്തിച്ചത്.
നാലുമാസം കൊണ്ട് അഞ്ച് ശില്പങ്ങളും പൂർത്തിയാക്കി. ആർക്കിടെക്ടായ മകൻ രാഹുലാണ് ശില്പങ്ങൾക്ക് നിറംപിടിപ്പിച്ചത്. നാട്ടുകാരൻ വിജയനായിരുന്നു സഹായി. ഭാര്യ ഓമനയുടെ പിന്തുണയും ഊർജ്ജമായി.
കേരളത്തിനകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങൾക്ക് ശില്പങ്ങൾ ഒരുക്കിയിട്ടുണ്ട് സർവോത്തമൻ. കണ്ണൂരിലെ ഒരു സ്വകാര്യ പാർക്കിൽ 42 അടി ഉയരത്തിൽ തീർത്ത മഹാത്മാഗാന്ധി ശില്പം മറ്റൊരു വിസ്മയമാണ്. ഇതെ പാർക്കിൽ 36 അടി ഉയരത്തിലും 75 അടി നീളത്തിലും ഉള്ള ദിനോസർ ശില്പവും ആകർഷകമാണ്.തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കുള്ള നാല് ദ്വാരപാലക ശില്പങ്ങളുടെ അവസാനവട്ട ഒരുക്കത്തിലാണ് ഇപ്പോൾ ഈ ശില്പി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL