6 തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1.25 കോടിയുടെ നഷ്ടം
കാസർകോട്: വലിയ ടഗ്ഗ് ഇടിച്ച് മത്സ്യബന്ധന ബോട്ട് തകർന്നു. തൊഴിലാളികളിൽ ഒരാൾക്ക് പരിക്കേറ്റു. ബോട്ടിലുണ്ടായിരുന്ന ആറു തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിൽ ബോട്ടിനും ഉപകരണങ്ങൾക്കും ഉൾപ്പെടെ ഏകദേശം 1.25 കോടിയുടെ നഷ്ടമുണ്ടായതായി ബോട്ടുടമയും തൊഴിലാളികളും പറഞ്ഞു.
മേയ് 24ന് പുലർച്ചെ 4.30ഓടെയാണ് അപകടം നടന്നത്. മംഗളൂരു ഹാർബറിൽ നിന്നും മുംബൈയിലേക്ക് ചരക്കുമായി പോവുകയായിരുന്ന വലിയ ടഗ്ഗാണ് മത്സ്യബന്ധന ബോട്ടിൽ ഇടിച്ചതെന്നാണ് വിവരം. കന്യാകുമാരി സ്വദേശിനിയായ പുനിതയുടെ ഉടമസ്ഥതയിലുള്ള “സൂസന്ന” എന്ന ബോട്ടിനാണ് അപകടം സംഭവിച്ചത്.
ജോലിക്കാരനായ കന്യാകുമാരി സ്വദേശി സുബിനാണ് (40) അപകടത്തിൽ പരിക്കേറ്റത്. ഡ്രൈവർ ആന്റണി, ജോലിക്കാരായ മെൽട്ടൺ, ജോഷ്വാ, ഷിബു, വോൾസൺ എന്നിവരാണ് ബോട്ടിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ. എല്ലാവരും തമിഴ്നാട് കന്യാകുമാരി സ്വദേശികളാണ്. ബോട്ടിന്റെ മേൽക്കൂര, ഡെക്ക്, സ്റ്റോർ, ബോഡി ഭാഗങ്ങൾ എന്നിവ അപകടത്തിൽ തകർന്നു.
സംഭവത്തിൽ കുമ്പള ഷിറിയ കേസ്റ്റൽ പൊലീസ് ബോട്ട് ഡ്രൈവറുടെയും തൊഴിലാളികളുടെയും മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തകർന്ന ബോട്ടുമായി ജാഗ്രതയോടെ...
അപകടത്തെ തുടർന്ന് ബോട്ടിന്റെ ഭാഗങ്ങൾ തകർന്നതിനാൽ വേഗത്തിൽ സഞ്ചരിച്ചാൽ വെള്ളം കയറുമെന്ന അവസ്ഥയിലായിരുന്നു. അതിനാൽ അതീവ ജാഗ്രതയോടെ വളരെ പതുക്കെയാണ് ബോട്ട് മഞ്ചേശ്വരം ഹാർബറിൽ എത്തിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു. ബോട്ടിന്റെ മേൽക്കൂര പൂർണമായി തകർന്നതിനാൽ അവിടെ സൂക്ഷിച്ചിരുന്ന ലൈഫ് ജാക്കറ്റുകൾ ഉൾപ്പെടെയുള്ള ജീവൻ രക്ഷാ ഉപകരണങ്ങളും നഷ്ടമായി. സ്റ്റോർ ഭാഗത്തുണ്ടായിരുന്ന ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഹാർബറിൽ എത്തിച്ച ശേഷം ബോട്ട് വിശദ പരിശോധനയ്ക്ക് വിധേയമാക്കി.
ബോട്ടിന്റെ സൈഡ് ഭാഗത്താണ് ടഗ്ഗ് ഇടിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ ബോട്ട് കനത്ത രീതിയിൽ കുലുങ്ങി. ബോട്ടിൽ ഇടിച്ചിട്ടും ടഗ്ഗ് നിർത്താതെ മുന്നോട്ടുപോയി. വയർലെസ് സെറ്റിലൂടെ ബന്ധപ്പെടാനായപ്പോൾ “സോറി” പറഞ്ഞെങ്കിലും “ബോട്ട് കണ്ടില്ല” എന്ന് പറഞ്ഞ് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. സഹായം പോലും അന്വേഷിച്ചില്ല. “ഹോൺ റോഡന്റ്” എന്ന ടഗ്ഗാണ് അപകടത്തിന് കാരണമായതെന്ന് വയർലെസ് സിഗ്നലിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഡ്രൈവർ ആന്റണിയും തൊഴിലാളികളും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |