കണ്ണൂർ: ജില്ലയിൽ ചിക്കൻ വില കുതിച്ചുയുരുമ്പോഴും ഫാം നടത്തിപ്പുകാർക്ക് നേട്ടമില്ല. ചിക്കൻ വില കിലോ 170 രൂപയിലേക്കെത്തിയിട്ടും ഫാമുടമകൾക്ക് പറയാനുള്ളത് നഷ്ടക്കണക്ക്. നിലവിൽ ചിക്കൻ വില 200 രൂപയെങ്കിലും ലഭിച്ചാലെ മുടക്കുമുതലെങ്കിലും ലഭിക്കൂവെന്നാണ് ഫാമുടമകൾ പറയുന്നത്. തീറ്റയുടെ വിലയിലുണ്ടായ വർദ്ധനവും മറ്റ് ചിലവുകളും വർദ്ധിച്ചതാണ് നഷ്ടം നേരിടാനുള്ള കാരണം. കനത്ത ചൂടിൽ കോഴികൾ ചത്തൊടുങ്ങിയതും നഷ്ടം വർദ്ധിക്കുന്നതിന് കാരണമായി.
കോഴി വില 40 മുതൽ 50 രൂപ വരെ വർദ്ധിച്ചിട്ടും നഷ്ടം നേരിടേണ്ടി വരുന്നതിനാൽ ഉത്പാദനവും വെട്ടിക്കുറച്ചിരിക്കുകയാണ്. ആലക്കോട്, ചെറുപുഴ, കരുവഞ്ചാൽ, ചെമ്പേരി തുടങ്ങിയ മലയോര മേഖലയിലെ ഫാമുടമകളാണ് നടത്തിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതിസന്ധി നേരിടുന്നത്.
ഫാം നടത്തിപ്പിന് അധിക വൈദ്യുതി ആവശ്യമായതും ചിലവ് വർദ്ധിച്ചിട്ടുണ്ട്. ഇന്ധനവില വർദ്ധനവും ചിക്കൻ വിലയെ ബാധിക്കുന്നുണ്ട്. ഇന്ധന വില ഇനിയും കൂടിയാൽ പ്രതിസന്ധി രൂക്ഷമാകും.
ചിക്കൻ വില വർദ്ധനവ് നിലവിലെ സാഹചര്യത്തിൽ കുടുംബ ബഡ്ജറ്റിനെ ബാധിച്ചിട്ടുണ്ട്. ആവശ്യക്കാർ ഏറെയുള്ള ചിക്കന് വില കൂടിയത് വിവാഹം പോലുള്ള ആഘോഷ ചടങ്ങുകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
തീറ്റ വില ചാക്കിന് ₹ 2300
ഇറച്ചിക്കോഴിക്ക് കൊടുക്കുന്ന തീറ്റയുടെ വില കത്തിക്കയറുകയാണ്. ഒരു ചാക്കിന് 2300 രൂപയാണ് വില. കഴിഞ്ഞമാസം 2100 രൂപയായിരുന്നു ഉണ്ടായിരുന്നത്. ഇന്ധന ചിലവും ഇറക്കുമതി ചിലവും വർദ്ധിച്ചതാണ് പ്രധാന കാരണം. ജില്ലയിലെ ഫാമുകളിലേക്ക് തീറ്റകളെത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. അതേസമയം മുട്ടക്കോഴിയുടെ തീറ്റയ്ക്ക് 1750 രൂപയായും ഉയർന്നു. ഇറച്ചിക്കോഴിയുടെ തീറ്റവില കിലോയ്ക്ക് 40 രൂപയിൽ നിന്ന് ഒറ്റയടിക്ക് 48 രൂപയായി ഉയർന്നുവെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.
പ്രതികൂലമായി കനത്ത ചൂട്
ഏപ്രിൽ മേയ് മാസങ്ങളിലെ ചൂട് കാരണം ഫാമുകളിൽ നിന്ന് കോഴികൾ ചത്തൊടുങ്ങുന്നത് പതിവായിരുന്നു. ഇത് മൂലം ഇറച്ചിക്കോഴിയുടെ ലഭ്യതയിലുണ്ടായ വൻ ഇടിവ് വിലക്കയറ്റത്തിന് കാരണമായി. കഴിഞ്ഞ രണ്ട് മാസമായി ജില്ലയിലും അയൽസംസ്ഥാനമായ തമിഴ്നാട്ടിലും അനുഭവപ്പെട്ട അസഹനീയമായ ചൂടും കടുത്ത ജലക്ഷാമവും കോഴി ഫാമുകളെ പ്രതികൂലമായി ബാധിച്ചു.
മഴ കനിയുമെന്ന പ്രതീക്ഷയിൽ വിപണി
നിലവിലെ പ്രതിസന്ധി താത്കാലികം മാത്രമാണെന്നാണ് വിപണിയിലുള്ളവർ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ തമിഴ്നാട്ടിലെ കോഴി വളർത്തൽ കേന്ദ്രങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. താപനില കുറയുന്നതോടെ ഫാമുകളിൽ പുതിയ ബാച്ചുകൾ ഇറക്കാനും കോഴികളുടെ മരണനിരക്ക് കുറയ്ക്കാനും സാധിക്കും.
ജൂൺ പകുതിയോടെ വിപണിയിൽ ചിക്കൻ ലഭ്യത വർദ്ധിക്കും. ഇതോടെ വില വലിയ തോതിൽ താഴേക്ക് വരും. അതുവരെ ഉപഭോക്താക്കൾക്ക് പൊള്ളുന്ന വില നൽകേണ്ടി വരും.
വ്യാപാരികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |