
കോട്ടയം : പാചകവാതകം, ഇന്ധനം, അവശ്യസാധനങ്ങളുടെ എന്നിങ്ങനെ തൊട്ടതിനെല്ലാം വിലക്കയറ്റം. ഇതിനിടെ പിടിവിട്ടുയരുകയാണ് ഇറച്ചിക്കോഴി വിലയും. 130 രൂപയിൽ നിന്ന് 177 ലേക്കാണ് കുതിച്ചുചാട്ടം. നഗരംവിടുമ്പോഴേയ്ക്കും ഇത് 180-190 രൂപ വരെയാകും. കഴിഞ്ഞ ക്രിസ്മസിന് 165 രൂപയായിരുന്നു വില. ക്രിസ്മസ്, പുതുവത്സര വേളയിലും, ഈസ്റ്ററിനുമാണ് വില്പന കൂടുതൽ. ആഘോഷ വേളകളിൽ 40 ശതമാനം വരെ വില്പന ഉയരാറുണ്ട്. കോഴിയുടെ ദൗർലഭ്യം പറഞ്ഞാണ് ദിനംപ്രതി വില ഉയർത്തുന്നത്. ഒന്നോ രണ്ടോ ദിവസം വില്പനയിൽ ഇടിവുണ്ടായാലും വില കുറയും. കോഴിക്കുഞ്ഞിന് ഇപ്പോൾ 42 രൂപയാണ് വില. നേരത്തെ 30-32 ആയിരുന്നു. കോഴിക്കുഞ്ഞുങ്ങളെ തമിഴ്നാട്ടിൽ നിന്നാണ് എത്തിക്കുന്നത്. ഇവയ്ക്കുള്ള തീറ്റയ്ക്കും തീപിടിച്ച വിലയാണ്. ആദ്യകാലങ്ങളിൽ നൽകുന്ന സ്റ്റാർട്ടറിന് ഒരു ചാക്കിന് 2000-2200 രൂപയാണ് വില. നേരത്തെ 1500 രൂപയാണുണ്ടായിരുന്നത്.
കൊടുചൂട് വില്ലനായി
തമിഴ്നാട്ടിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് ഇറച്ചിക്കോഴികൾ എത്തിക്കുന്നത്. ഇത്തവണത്തെ ഉയർന്ന ചൂടുകാരണം കോഴിക്കുഞ്ഞുങ്ങളും വ്യാപകമായി ചത്തു. ഇതാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് വില്പനക്കാർ പറയുന്നു. ഏപ്രിൽ മാസത്തിൽ കോഴിയിറച്ചി വില കുറഞ്ഞിരുന്നു. ഇതോടെ കോഴികുഞ്ഞുങ്ങളെ വളർത്താനോ വാങ്ങാനോ കച്ചവടക്കാർ മടിച്ചു. അതിനാൽ ഇപ്പോൾ ആവശ്യത്തിന് കോഴിയിറച്ചി കിട്ടാനില്ലാതായി.
തിളച്ച് മറിഞ്ഞ് ഇറച്ചിവിലയും
''വീണ്ടും വില ഉയരാനാണ് സാദ്ധ്യത. വിഭവങ്ങൾക്ക് വില വർദ്ധിപ്പിച്ചതിനാൽ, ഇനിയും കൂട്ടാനാകില്ല. ഹോട്ടലുകളിലെ ബിരിയാണി ഉൾപ്പെടെയുള്ളവയിൽ ചിക്കൻ ഉൾപ്പെടെയുള്ളവയുടെ അളവ് കുറച്ചു.
(വ്യാപാരികൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |