
അഞ്ചാലുമൂട്: കുടുംബവഴക്ക് പൊലീസിനെ അറിയിച്ചത് ചോദ്യം ചെയ്ത വൈരാഗ്യത്തിൽ സഹോദരി പുത്രനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച അമ്മാവൻ അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായി. ചിറ്റയം പുല്ലുവാല ചിറക്കര പുത്തൻവീട്ടിൽ അർജുനനാണ് (55) അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ പുല്ലുവാല ശ്യാം ഭവനിൽ ശ്യാം (30) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെ 12.15ഓടെ കത്താളുമായി ശ്യാമിന്റെ വീട്ടിലെത്തിയ പ്രതി കിടപ്പുമുറിയിൽ കിടക്കുകയായിരുന്ന ശ്യാമിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തടയുന്നതിനിടെ ശ്യാമിന്റെ ഇടതു കൈ വിരലിനും കഴുത്തിന്റെ പിൻഭാഗത്തും വെട്ടേറ്റു. ശ്യാമിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ വീടിന് സമീപത്ത് നിന്ന് പിടികൂടി. കഴിഞ്ഞ ശനിയാഴ്ച ശ്യാം അമ്മയുമായി വഴക്കിട്ടിരുന്നു. ഇതുകേട്ട അർജുനൻ പൊലീസിനെ വിളിച്ചുവരുത്തിയത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. അഞ്ചാലുംമൂട് എസ്.എച്ച്.ഒ പി.പ്രദീപ്, എസ്.ഐ അർജുൻ, സി.പി.ഒമാരായ മഹേഷ്, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |