SignIn
Kerala Kaumudi Online
Friday, 24 April 2026 9.59 PM IST

വേങ്ങരയിൽ ആരു വാഴും

Increase Font Size Decrease Font Size Print Page

മലപ്പുറം: ഭൂപ്രകൃതി പോലെ തന്നെ രാഷ്ട്രീയത്തിലും പച്ചപ്പ് നിറഞ്ഞ മണ്ഡലമാണ് വേങ്ങര. മലകളും കുന്നുകളും ഏറെയുള്ളതിനാൽ മണ്ഡലയാത്ര ചിരപരിചിതർക്ക് എളുപ്പവും അല്ലാത്തവർക്ക് കുറച്ച് കഠിനവുമാവും. ഇത്തവണ മൂന്നു മുന്നണികളുടെ മത്സരാർത്ഥികളും മണ്ഡലത്തിൽ സുപരിചിതരാണ്. യു.ഡി.എഫിനായി കെ.എം.ഷാജി, എൽ.ഡി.എഫിനായി സബാഹ് കുണ്ടുപുഴക്കൽ, എൻ.ഡി.എയ്ക്കായി വി.എൻ.ജയകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്. ലീഗിന്റെ സംസ്ഥാന നേതാവെന്ന നിലയിൽ ഷാജി സുപരിചിതനെങ്കിൽ വേങ്ങര സ്വദേശികളാണ് സബാഹ് കുണ്ടുപുഴക്കലും വി.എൻ. ജയകൃഷ്ണനും. 2008ലെ മണ്ഡല പുനഃക്രമീകരണത്തോടെ നിലവിൽവന്ന വേങ്ങരയിൽ ഇതുവരെ നടന്ന നാല് തിരഞ്ഞെടുപ്പിലും പി.കെ.കുഞ്ഞാലിക്കുട്ടിയാണ് വിജയിച്ചത്. 2017ൽ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് മത്സരിച്ചതോടെ കൈവന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിന്റെ കെ.എൻ.എ.ഖാദറിനായിരുന്നു വിജയം. 2021ൽ കുഞ്ഞാലിക്കുട്ടി വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വേങ്ങര, എ.ആർ.നഗർ, കണ്ണമംഗലം, ഊരകം, പറപ്പൂർ, ഒതുക്കുങ്ങൽ പഞ്ചായത്തുകളിൽ യു.ഡി.എഫാണ് ഭരിക്കുന്നത്. വേങ്ങര ബ്ലോക്കിൽ പ്രതിപക്ഷവുമില്ല.

കോട്ട കാക്കുമോ ഷാജി

'കോട്ട കാക്കാൻ ഷാജി' എന്നാണ് യു.ഡി.എഫ് പ്രചാരണത്തിന്റെ കുന്തമുന. ലീഗുകാർക്ക് കെ.എം.ഷാജി തീപ്പൊരു പ്രാസംഗികനും ആവേശം കൊള്ളിക്കുന്ന നേതാവുമാണ്. തലയെടുപ്പുള്ള നേതാക്കളിൽ മുൻനിരക്കാരനും. ഈ സ്വീകാര്യത മുന്നണി വോട്ടിനെയും നിഷ്‌പക്ഷ വോട്ടുകളെയും ആകർഷിക്കാൻ പര്യാപ്തമാണോ എന്നതാണ് വേങ്ങരയിലെ പ്രധാന ചോദ്യം. ഷാജിയുടെ വിവാദപ്രസംഗമുയർത്തിയ അലയൊലികൾ ഒരുവശത്തുണ്ട്. മൂന്നുതിരഞ്ഞെടുപ്പുകളിലും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 30,000ത്തിൽ താഴ്ന്നിട്ടില്ല. എന്നാൽ 2017ൽ കെ.എൻ.എ.ഖാദറിന് 23,310 വോട്ടാണ് ലഭിച്ചത്. വോട്ടിൽ ഏഴ് ശതമാനത്തോളം കുറവുണ്ടായി. സ്വതന്ത്ര വോട്ടുകൾ സ്വാധീനിക്കാൻ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചിരുന്നു. ഷാജിയിലേക്ക് എത്തുമ്പോൾ ഇതിലുണ്ടായേക്കാവുന്ന മാറ്റങ്ങളായിരിക്കും വിജയ, പരാജയങ്ങൾ നിശ്ചയിക്കുക. സുരക്ഷിത മണ്ഡലമെന്ന മനോഭാവം മാറ്റിനിറുത്തി പ്രചാരണരംഗത്ത് സജീവമാണ് ഷാജി.

3.0യ്ക്ക് വേണ്ടി

മൂന്നാം ഇടതുസർ‌ക്കാരിന് കരുത്തേകാൻ എന്നാണ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി സബാഹിന്റെ മുദ്രാവാക്യം. വൈകാരികത ഉയർത്തി എൽ.ഡി.എഫ് അനുഭാവി വോട്ടുകളുൾപ്പെടെ കൃത്യമായി പെട്ടിയിൽ വീഴ്ത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ തവണ സ്വതന്ത്രനായ സബാഹ് 11,​255 വോട്ടുകൾ നേടിയിരുന്നു. മണ്ഡലത്തിൽ 8,​000ത്തോളം വോട്ടുള്ള എസ്.ഡി.പി.ഐ സബാഹിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സി.പി.എം സ്ഥാനാർത്ഥി 39,​785 വോട്ടും നേടി. കുഞ്ഞാലിക്കുട്ടിക്ക് ആകെ ലഭിച്ചത് 70,​381 വോട്ടാണ്. ഇത്തവണ എസ്.ഡി.പി.ഐയ്ക്ക് സ്ഥാനാർത്ഥിയില്ല. ഫലത്തിൽ ഇതും ഇടതിന്റെ വോട്ടുമടക്കം അരലക്ഷം വോട്ട് സബാഹ് ക്യാമ്പ് ഉറപ്പിക്കുന്നുണ്ട്. ഇങ്ങനെയെങ്കിലും കുഞ്ഞാലിക്കുട്ടിക്ക് വ്യക്തിപരായി കിട്ടുന്നതുൾപ്പെടെ മണ്ഡലത്തിൽ 20,​000ത്തോളം വോട്ടിന്റെ മുൻതൂക്കമുണ്ട്. സാമൂഹിക,​ സാംസ്കാരിക,​ കായികരംഗത്തടക്കം സജീവമായ സബാഹിന് മണ്ഡലത്തിൽ വിപുലമായ ബന്ധങ്ങളുണ്ട്. സ്വതന്ത്ര വോട്ടുകൾ ആകർഷിക്കുകയും ഷാജിയോടുള്ള അതൃപ്തിയിൽ സുന്നിവോട്ടുകളിലൊരു പങ്ക് ചോരുകയും ചെയ്താൽ വേങ്ങരയും വീണേക്കുമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. ഈ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുംവിധമാണ് സബാഹിന്റെ പ്രചാരണം മൂന്നോട്ടുപോവുന്നത്.

വോട്ടുയർത്തും

വേങ്ങര കുന്നുപുറം സ്വദേശിയും ബി.ജെ.പി മണ്ഡ‌ലം പ്രസിഡന്റുമായ വി.എൻ.ജയകൃഷ്ണൻ പ്രതീക്ഷയിലാണ്. മണ്ഡലത്തിൽ സജീവസാന്നിദ്ധ്യമായ ജയകൃഷ്ണന്റെ കന്നിയങ്കമാണിത്. നാല് തിരഞ്ഞെടുപ്പുകളിൽ 2016ൽ പി.ടി.ആലിഹാജി മത്സരിച്ചപ്പോഴാണ് ബി.ജെ.പി മൂന്നാംസ്ഥാനത്തെത്തിയത്. 2011ലും 2017ലും എസ്.ഡി.പി.ഐ ആയിരുന്നു മൂന്നാമത്. മണ്ഡലത്തിൽ നിന്നുള്ളയാൾ തന്നെ മത്സരാർത്ഥിയെന്ന പ്രത്യേകത കൂടിയുണ്ട്.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.