SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.04 AM IST

മഴക്കാലം: തദ്ദേശസ്ഥാപനങ്ങളിൽ കൺട്രോൾ റൂം തുറക്കും

മലപ്പുറം: മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേർന്നു. എ.ഡി.എം സി.എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ മഴക്കാലത്തിന് മുൻപ് സ്വീകരിക്കേണ്ട അടിയന്തര നടപടികൾ യോഗം ചർച്ച ചെയ്തു. വഴിയരികിലും കടത്തിണ്ണകളിലും ബസ് സ്റ്റാൻഡുകളിലും അന്തിയുറങ്ങുന്ന ആളുകൾക്ക് മഴക്കാലത്ത് രാത്രികളിൽ സുരക്ഷിതമായി താമസിക്കുവാനും ഭക്ഷണം ലഭിക്കാനും വേണ്ട സംവിധാനം ഒരുക്കുക, ഓടകൾ, നീർച്ചാലുകൾ എന്നിവയിലെ തടസ്സങ്ങൾ പരിശോധിക്കുക, സ്വകാര്യ ഭൂമിയിലെ അപകടകരമായ മരച്ചില്ലകളും മരങ്ങളും മുറിച്ചു മാറ്റുക, ഓടകൾ വൃത്തിയാക്കാതിരിക്കുകയോ സ്ലാബുകൾ തകരുകയോ ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കി നടപ്പാതകൾ സുരക്ഷിതമാക്കുക, എല്ലാ സ്‌കൂളുകളുടെയും ആശുപത്രികളുടെയും ഫിറ്റ്നസ് പരിശോധന ഉറപ്പുവരുത്തുക, മലയോര മേഖലകളിൽ രാത്രിയാത്രയും തീരദേശങ്ങളിൽ വിനോദസഞ്ചാരവും ഒഴിവാക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഓരോ വകുപ്പും ഒരു ജില്ലാതല നോഡൽ ഓഫീസറെ ഈമാസം 20നകം നിയമിക്കണമെന്ന് എ.ഡി.എം നിർദ്ദേശിച്ചു. എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കുകയും പരിശീലനം സംഘടിപ്പിക്കുകയും ചെയ്യണം.

കൺട്രോൾ റൂം തുറക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജൂൺ മുതൽ ഡിസംബർ വരെ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സ്ഥാപിക്കാൻ യോഗം നിർദ്ദേശിച്ചു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളിൽ ബോധവത്ക്കരണ പരിപാടികൾ നടത്തുക, മഴക്കാല രോഗങ്ങൾക്ക് ആവശ്യമായ മരുന്നുകൾ എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാക്കുക, കടൽഭിത്തികളിലെ കേടുപാടുകൾ അടിയന്തരമായി പരിശോധിക്കുക, വൈദ്യുതി ബന്ധത്തിൽ തകരാറുകൾ പരിഹരിക്കുന്നതിനായി ടാസ്‌ക് ഫോഴ്സുകൾ സജ്ജമാക്കുക, മഴക്കാലത്ത് ക്വാറികൾ നിരന്തര പരിശോധനയ്ക്ക് വിധേയമാക്കുക, ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ എന്നിവ ഉണ്ടാക്കാൻ സാദ്ധ്യതയുള്ള വില്ലേജുകളിൽ പരിശോധന നടത്തുക തുടങ്ങിയ നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജയശ്രീ എസ്. വാരിയർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL