കോന്നി : കഴിഞ്ഞ ദിവസം നിര്യാതനായ മലയാലപ്പുഴ വടക്കേവീട്ടിൽ ആർ തങ്കപ്പൻ അടിയന്തരാവസ്ഥയുടെ പീഡനങ്ങളേറ്റ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവാണ്. 1976 ൽ പി കൃഷ്ണപിള്ള ദിനത്തിൽ മലയാലപ്പുഴ ക്ഷേത്രം ജംഗ്ഷനിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊടി ഉയർത്തിയതിനാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തി ആറുമാസത്തോളം ജയിലിൽ അടച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന പ്രവർത്തകനായിരുന്നു അദ്ദേഹം. പിന്നീട് സിപിഎം മലയാലപ്പുഴ ലോക്കൽ കമ്മിറ്റി അംഗമായും ടൗൺ ബ്രാഞ്ച് അംഗമായും, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചു. മലയാലപ്പുഴ ജെ എം പി എച്ച് എസ് ലെ അദ്ധ്യാപകനായിരുന്ന അദ്ദേഹം 1957ൽ സ്കൂൾ ഉദ്ഘാടനം ചെയ്യാൻ അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിനെ മലയാലപ്പുഴയിൽ എത്തിച്ചു. കെ എസ് ടി എ, കെ പി ടി യു എന്നീ സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചു . ജയിലിൽ കഴിയുമ്പോൾ ജനിച്ച തന്റെ മകന് സിപിഎം നേതാവ് ഹർകിഷൻ സിംഗ് സുർജിത്തിനോടുള്ള ആദരസൂചകമായി സുർജിത്ത് എന്ന് പേരിട്ടു. സംസ്കാരം ഇന്നലെ മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടന്നു . മുൻ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം തങ്കമണിയാണ് ഭാര്യ. മക്കൾ: സുർജിത്ത്, സീമ. മരുമക്കൾ: മഞ്ജു ചന്ദ്രൻ, സുനിൽകുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |