SignIn
Kerala Kaumudi Online
Sunday, 21 June 2026 5.51 AM IST

കാർ ആക്രമിച്ച് 16 ലക്ഷം കവർന്ന കേസ്; സിനിമാക്കഥയെ വെല്ലും ട്വിസ്റ്റുകൾ, അന്വേഷണത്തിന് പ്രത്യേക സംഘം

1

തൃശൂർ: തൃപ്രയാർ പൈനൂരിൽ കാർ ആക്രമിച്ച് 16 ലക്ഷം രൂപ കവർന്ന സംഭവത്തിൽ പുറത്തുവരുന്നത് സിനിമാക്കഥയെ വെല്ലുന്ന വിവരങ്ങൾ. കഴിഞ്ഞദിവസം രാത്രി പൈനൂർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിന് സമീപം നിറുത്തിയിട്ട കാറിന്റെ ചില്ല് തകർത്ത് 16 ലക്ഷത്തിലധികം രൂപയാണ് കവർച്ച ചെയ്യപ്പെട്ടത്. ഇതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.

പാലക്കാട് വിളയൂർ പഞ്ചായത്ത് അംഗം മുഹമ്മദ് റഫി ഉൾപ്പെടെയുള്ള നാലംഗ സംഘമാണ് ആക്രമണത്തിനിരയായത്. ഇവരുടെ കൈയിലെ പണമാണ് ഇന്നോവ കാറിലെത്തിയ സംഘം തട്ടിയത്. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ കാലിൽ വെട്ടേറ്റ റഫിയെയും മറ്റ് മൂന്ന് പേരെയും കണ്ടതോടെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

കവർച്ചയ്ക്ക് അക്രമിസംഘം ഉപയോഗിച്ച ഇന്നോവ കാർ അഞ്ച് കിലോമീറ്റർ അകലെ വലപ്പാട് പൂക്കോട്ട് ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫൊറൻസിക്‌ വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.

പണത്തിന് പകരം ഡോളർ
പണം നൽകിയാൽ ഡോളർ, കുഴൽപ്പണത്തിന്റെ മറ്റൊരു തട്ടിപ്പാകുകയാണ് ഡോളർ കൈമാറ്റം. ഡോളറിന് കൂടുതൽ പണം നൽകുന്നവർ കുഴൽപ്പണം കൈമാറുകയാണ് ചെയ്യുന്നതത്രെ. പഞ്ചായത്ത് അംഗമായ റഫിയും പ്രദേശികമായി ഇടപാട് നടത്താറുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചതായി അറിയുന്നു. 16 ലക്ഷം രൂപ ഡോളറാക്കിത്തരാമെന്ന് പറഞ്ഞ രഞ്ജിത്ത് എന്ന ഏജന്റിന്റെ അടുത്തേക്ക് വന്നപ്പോഴാണ് കാറിലെത്തിയ സംഘം പണം കവർന്നത്.

മുഹമ്മദ് റഫി ഉൾപ്പെടെയുള്ളവരെ രഞ്ജിത്ത് തൃപ്രയാറിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. രഞ്ജിത്തിന്റെ വീട്ടിൽ വച്ച് പണത്തിനു പകരം ഡോളർ കൈമാറാമെന്ന ഉറപ്പിൽ കോൺഗ്രസ് നേതാവ് അടക്കമുള്ളവരെ പ്രധാന പാതയിൽ നിന്നും ഇടറോഡിൽ എത്തിച്ചു. വഴിയിൽ നിന്നും രഞ്ജിത്തും വാഹനത്തിൽ കയറി. പിന്നീട് വീട് എത്താറായെന്ന് പറഞ്ഞ് പൈനൂർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിന് സമീപം സി.സി.ടി.വി ക്യാമറകളില്ലാത്ത സ്ഥലത്ത് വാഹനം നിറുത്താൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പട്ടാമ്പി സ്വദേശികളുടെ മൊഴി.

അന്വേഷണം ഊർജ്ജിതം
കേസ് അന്വേഷണത്തിനായി ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. പൈനൂർ - കുഴിക്കൽ കടവ് റോഡിലെയും ഇന്നോവ കാർ ഉപേക്ഷിച്ച സ്ഥലത്തെയും സി.സി.ടി.വി ക്യാമറുകളും പൊലീസ് പരിശോധിച്ച് വരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL