
തിര.കമ്മിഷനെ കണ്ട് നേതാക്കൾ
ഇന്ന് അടിയന്തര യോഗം
ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ പുകഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പ് വിഷയം ആളിക്കത്തിക്കാൻ കോൺഗ്രസ്. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളിയത് ഏകപക്ഷീയമായാണെന്നും ഇല്ലാത്ത കേസിന്റെ പേരിലുള്ള നടപടി പിൻവലിക്കണമെന്നും കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നേരിൽകണ്ട് അറിയിച്ചു. ഉടൻ ഇടപെട്ടില്ലെന്നിൽ വിഷയം കോടതിയിലെത്തിക്കും. രാജ്യവ്യാപകമായി വൻ പ്രക്ഷോഭം നടത്താനും ആലോചിക്കുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെയും പ്രത്യേക ചുമതലക്കാരുടെയും പി.സി.സി അദ്ധ്യക്ഷൻമാരുടെയും അടിയന്തര യോഗം ഇന്ന് ചേരും.
മീനാക്ഷിക്കെതിരെ നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്തേണ്ടതായ ഒരു ക്രിമിനൽ കേസും നിലവിലില്ലെന്ന് ഗ്യാനേഷ് കുമാറിനോട് കോൺഗ്രസ് പ്രതിനിധി സംഘം വ്യക്തമാക്കി. ജനപ്രാതിനിദ്ധ്യ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിക്കാവുന്ന കേസുകളും കോടതി നടപടികളുമുണ്ടെങ്കിലാണ് വെളിപ്പെടുത്തേണ്ടതെന്ന് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുതിർന്ന നേതാക്കളായ ഭൂപേഷ് ബാഗേൽ, ജയറാം രമേശ്, രൺദീപ് സിംഗ് സുർജേവാല, ദീപ ദാസ്‌മുൻഷി, മീനാക്ഷി നടരാജൻ, വിവേക് തൻഖ, മുഹമ്മദ് അലി ഖാൻ എന്നിവരടങ്ങിയ സംഘമാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടത്. പത്രിക തള്ളിയതോടെ ബി.ജെ.പി സ്ഥാനാർത്ഥി മഹേഷ് കേവത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. പത്രിക പിൻവലിക്കേണ്ട അവസാന ദിവസമായ ഇന്ന് പ്രഖ്യാപനമുണ്ടാകും.
പ്രശ്‌നമായത്
തെലങ്കാനയിലെ കേസ്
2022ൽ ഒരു കോൺഗ്രസ് നേതാവിനെതിരെ യുവതി നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ട കേസാണ് മീനാക്ഷിക്കെതിരെയുള്ളത്. യുവതിയുടെ പരാതിയിൽ കോൺഗ്രസ് ഭാരാവാഹികൾക്കൊപ്പം തെലങ്കാനയുടെ ചുമതല വഹിച്ച എ.ഐ.സി.സി നേതാവായ മീനാക്ഷിയുടെ പേരും ഉൾപ്പെട്ടു. തുടർന്ന് കഴിഞ്ഞ സെപ്‌തംബറിൽ തെലങ്കാനയിലെ നമ്പള്ളി അഡിഷണൽ ചീഫ് മജിസ്ട്രേട്ട് കോടതി അയച്ച സമൻസിന് മറുപടി നൽകി. കോടതിയിൽ കേസ് നമ്പറുള്ളതിനാൽ പത്രിക തള്ളുകയാണെന്നാണ് റിട്ടേണിംഗ് ഓഫീസറുടെ വാദം.
മീനാക്ഷിയുടെ കാര്യത്തിൽ കേസിന്റെ ആദ്യഘട്ടമെന്ന നിലയിൽ മജിസ്‌ട്രേറ്റ് നോട്ടീസ് അയച്ചതേയുള്ളൂ. മറ്റ് നടപടികളൊന്നുമില്ല. റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം പരിഷ്‌കരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് പൂർണ അധികാരമുണ്ട്. ഹരിയാനയിലും ഗുജറാത്തിലും അത് സംഭവിച്ചിട്ടുണ്ട്. ബന്ധപ്പെട്ട രേഖകൾ കമ്മിഷന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്.
-മനു അഭിഷേക് സിംഗ്‌വി
കോൺഗ്രസ് നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |