
ന്യൂഡൽഹി: ഒന്നാംഘട്ടം പോലെ പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ടത്തിലും റെക്കാഡ് പോളിംഗ്. അവസാന റിപ്പോർട്ട് അനുസരിച്ച് 91.66 ശതമാനമാണ് പോളിംഗ്. 142 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 152 മണ്ഡലങ്ങളിൽ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ 91.78 ശതമാനമായിരുന്നു പോളിംഗ്. രണ്ടുഘട്ടവും ചേർത്ത് 92.47%. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണിത് (പഴയ റെക്കാഡ്: 2011- 84.72%).
ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിക്കുള്ളിൽ 3.21 കോടി വോട്ടർമാരിൽ 60 ശതമാനവും വോട്ടുചെയ്‌തു. ഇന്നലെ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിൽ 123ലും 2021ൽ തൃണമൂലാണ് ജയിച്ചത്. കേന്ദ്ര സേനയുടെ വൻ സാന്നിദ്ധ്യമുണ്ടായിട്ടും വ്യാപക അക്രമങ്ങളും റിപ്പോർട്ട് ചെയ്‌തു.
സൗത്ത് പർഗനാസ് ജില്ലയിലെ ഡയമണ്ട് ഹാർബറിലുള്ള ഫാൽറ്റയിൽ ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രത്തിലെ തങ്ങളുടെ സ്ഥാനാർത്ഥിയുടെ ബട്ടൺ ടേപ്പ് ഉപയോഗിച്ച് മറച്ചതായി ബി.ജെ.പി ആരോപിച്ചു. തുടർന്ന് വോട്ടെടുപ്പ് നിറുത്തിവച്ചു. റീപോളിംഗ് നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകനായ, സിംഗം എന്നറിപ്പെടുന്ന പ്രയാഗ്‌രാജ് എ.സി.പി അജയ്‌പാൽ ശർമ്മ പക്ഷപാതപരമായി പെരുമാറിയെന്ന് തൃണമൂൽ ആരോപിച്ചു. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ശക്തികേന്ദ്രമായ ഡയമണ്ട് ഹാർബറിലെ അക്രമങ്ങൾ തടയാനാണ് ശർമ്മയെത്തിയത്. ശർമ്മ തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് പാർട്ടി പരാതിപ്പെട്ടു. കാളിഘട്ടിലെ ബൂത്ത് സന്ദർശിക്കാനെത്തിയ ബി.ജെ.പി സ്ഥാനാർത്ഥി സുവേന്ദു അധികാരിയെ തൃണമൂൽ പ്രവർത്തകർ കള്ളൻ എന്നുവിളിച്ചത് സംഘർഷത്തിനിടയാക്കി. തൃണമൂൽ-ബി.ജെ.പി പ്രവർത്തകരെ കേന്ദ്ര സേന ലാത്തിവീശി ഓടിച്ചു. സുവേന്ദുവിന്റെ പരാതിയെത്തുടർന്ന് ബൂത്തുകളിൽ ആളുകൾ കൂടിനിൽക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു.
ബോംബടങ്ങിയ ബാഗ്
പുർബ ബർധമാനിലെ കേതുഗ്രാം മണ്ഡലത്തിലെ പോളിംഗ് ബൂത്തിന് സമീപം ബോംബുകളടങ്ങിയ ബാഗ് കണ്ടെടുത്തു.
തൃണമൂൽ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്നും അസഭ്യവർഷം നടത്തിയെന്നും പാനിഹതിയിലെ ബി.ജെ.പി സ്ഥാനാർത്ഥിയും ആർജികർ മെഡിക്കൽ കോളേജ് ഇരയുടെ മാതാവുമായ രത്‌ന ദേബ്‌നാഥ്
നാദിയ ജില്ലയിലെ ബി.ജെ.പി ബൂത്ത് ഏജന്റിനെ പുലർച്ചെ ആറുമണിക്ക് അജ്ഞാതർ ഇരുമ്പ് വടികളും തോക്കുകളും ഉപയോഗിച്ച് ആക്രമിച്ചു.
ബൂത്തുകളിൽ സംസ്ഥാന പൊലീസിനെ പുറത്താക്കി കേന്ദ്രസേനയെ വിന്ന്യസിച്ചതിനാൽ ജനങ്ങൾക്ക് വോട്ടുചെയ്യാനായില്ല.
കേന്ദ്രസേന പക്ഷം പിടിച്ചു. തൃണമൂൽ പ്രവർത്തകരെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ‌്തു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും
-മമത ബാനർജി
ബംഗാൾ മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |