
ന്യൂഡൽഹി: അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാജ്യം ഏറെ ആകാംക്ഷയോടെ നോക്കുന്ന പശ്ചിമ ബംഗാളിൽ ബി.ജെ.പി അട്ടിമറി വിജയം നേടുമെന്ന സൂചന നൽകി എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ. ഇന്നലെ പുറത്തുവന്ന നാല് സർവേകൾ ബി.ജെ.പി സംസ്ഥാനത്ത് ആദ്യമായി അധികാരം പിടിക്കുമെന്ന് പ്രവചിക്കുമ്പോൾ രണ്ടെണ്ണം മാത്രമാണ് മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസിന് ഭരണത്തിൽ തുടരാകുമെന്ന് പറയുന്നത്.
294 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകളാണ് വേണ്ടത്. പ്രജാപോൾ( 178-208), പിമാർക്യു(150-175) ബി.ജെ.പി കേവല ഭൂരിപക്ഷം നേടുമെന്ന് ഉറപ്പിക്കുന്നുണ്ട്. മാട്രിസും(146-161), പോൾ ഡയറിയും (142-171) ബി.ജെ.പി മുൻതൂക്കവും പ്രവചിക്കുന്നു. ജൻമത് പോൾസും(195-205)പ്യൂപ്പിൾസ് പൾസും(177-187) ആണ് തൃണമൂലിന് അധികാരത്തുടർച്ച നൽകുന്ന ഏജൻസികൾ. എല്ലാ സർവേകളും കോൺഗ്രസും സി.പി.എമ്മും ദയനീയ പ്രകടനം ആവർത്തിക്കുമെന്ന സൂചനയും നൽകുന്നുണ്ട്. മൂന്ന് ഏജൻസികൾ 1-3 സീറ്റുകൾ ലഭിച്ചേക്കുമെന്ന് പറയുന്നു. 2021ൽ രണ്ടു പാർട്ടിക്കും സീറ്റുകൾ ലഭിച്ചിരുന്നില്ല.
2014ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതു മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബംഗാൾ പിടിക്കാൻ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങൾ 2026ൽ ലക്ഷ്യം കാണുമെന്ന പ്രവചനമാണ് എക്‌സിറ്റ് സർവേകളിൽ. 2011ൽ അധികാരത്തിലേറിയ ശേഷം തൃണമൂലിനും മമതാ ബാനർജിക്കും ബംഗാളിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2011ൽ ഒരു സീറ്റുപോലുമില്ലാതിരുന്ന ബി.ജെ.പി 2016ലാണ് മൂന്നു സീറ്റിൽ ജയിച്ച് സംസ്ഥാനത്ത് അക്കൗണ്ട് തുറന്നത്. 2021ൽ 77 സീറ്റു നേടി മുഖ്യപ്രതിപക്ഷമായി..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |