SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.26 AM IST

തൃണമൂലിൽ പിളർപ്പ് തുടരുന്നു 20 എം.പിമാർ എൻ.ഡി.എ പക്ഷത്ത്, രാജ്യസഭാ എം.പി രാജിവച്ചു

d

ന്യൂഡൽഹി: മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി 20 ലോക്‌സഭാ എം.പിമാർ ബി.ജെ.പിക്ക് പിന്തുണയുമായി സ്‌പീക്കർ ഓം ബിർളയ്‌ക്ക് കത്തു നൽകി. 28 ലോക്‌സഭാ എം.പിമാരിൽ 20 പേർ മാറിയതിനാൽ കൂറുമാറ്റ നിരോധന നിയമം ബാധകമല്ല. കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ ഇവർ സഭയിൽ പ്രത്യേക ബ്ളോക്കായി ഇരിക്കും.

ഇതോടെ എൻ.ഡി.എ അംഗബലം 300 കടക്കും. നിലവിൽ ബി.ജെ.പിയുടെ 240 അടക്കം 293 അംഗങ്ങളുടെ പിന്തുണയാണ് എൻ.ഡി.എയ്‌ക്കുള്ളത്. 28 തൃണമൂൽ അംഗങ്ങൾ അടക്കം 233 ആയിരുന്നു പ്രതിപക്ഷ അംഗബലം. 58 എം.എൽ.എമാർ കൂറുമാറിയതിന് പിന്നാലെയാണ് ദേശീയ രാഷ്‌ട്രീയത്തിൽ ചലനങ്ങൾ സൃഷ്‌ടിക്കുന്ന രീതിയിൽ എം.പിമാരും മറുകണ്ടം ചാടിയത്. പശ്ചിമബംഗാളിൽ തൃണമൂലിൽ നേതൃത്വത്തിനെതിരെ അതൃപ്‌തിയിലായിരുന്ന 20 എംപിമാരുമായി ബി.ജെ.പി നേതൃത്വം ഏതാനും ദിവസങ്ങളായി ചർച്ചയിലായിരുന്നു. 'ഇന്ത്യ' മുന്നണി യോഗത്തിൽ പങ്കെടുക്കാൻ മമതാ ബാനർജി ഡൽഹിയിലുള്ളപ്പോഴാണ് വിമത എം.പിമാർ കത്തു നൽകിയത്.

രാവിലെ ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ളബിൽ ഇന്ത്യ മുന്നണി യോഗം നടക്കുമ്പോൾ ഒരു കിലോമീറ്റർ അകലെ കേന്ദ്ര മന്ത്രിയും ബംഗാൾ ചുമതലയുള്ള ബി.ജെ.പി നേതാവുമായ ഭൂപേന്ദർ യാദവിന്റെ വസതിയിൽ വിമത എം.പിമാർ യോഗം ചേർന്നിരുന്നു. കകോലി ഘോഷ് ദസ്തിദാറിനൊപ്പം ശതാബ്ദി റോയ്,അബു താഹിർ ഖാൻ,ഖലീലുൽ റഹ്മാൻ,അസിത് കുമാർ മാൽ,അരൂപ് ചക്രവർത്തി,കാലിപദ സോറൻ,ജഗദീഷ് ചന്ദ്ര ബർമ ബസൂനിയ,പ്രസൂൻ ബാനർജി,ശർമിള സർക്കാർ,രാജിവച്ച രാജ്യസഭാ എംപി സുഖേന്ദു ശേഖർ റായ്,അക്രുസമാൻ എം.എൽ.എ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. യോഗ ശേഷം 20 എംപിമാർ ഒപ്പിട്ട കത്ത് ലോക്‌സഭാ സ്‌പീക്കർക്ക് നൽകി.

കകോലി ഘോഷ് ദസ്‌‌തിദാറിനെ ചീഫ് വിപ്പായും ശതാബ‌്ദി റോയിയെ ഉപനേതാവായും തിരഞ്ഞെടുത്തതായി ഷർമ്മിള സർക്കാർ പറഞ്ഞു. ഇന്ന് സ്‌പീക്കറെ കണ്ട് യഥാർത്ഥ തൃണമൂൽ ആണെന്ന അവകാശവാദമുന്നയിക്കുമെന്നറിയുന്നു. അതിനിടെ മുതിർന്ന നേതാവും രാജ്യസഭാംഗവുമായ സുഖേന്ദു ശേഖർ റേ പാർട്ടി വിട്ടു. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ 15 വർഷങ്ങളാണ് തൃണമൂൽ ഭരണത്തിൽ പശ്ചിമബംഗാളിൽ കണ്ടതെന്ന് സുഖേന്ദു റായി പറഞ്ഞു. പുതിയ സർക്കാരിൽ ജനങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും കൂട്ടിച്ചേർത്തു.

ആസ്ഥാന മന്ദിരത്തെ ചൊല്ലിയും തർക്കം

അധികാരം നഷ‌്‌ടവും വൻ പിളർപ്പും പ്രതിസന്ധിയിലാക്കിയ തൃണമൂലിന്റെ ആസ്ഥാന മന്ദിരം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടിയുമായി ഉടമകൾ. കൊൽക്കത്തയിലെ ആസ്ഥാന മന്ദിരം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടക കരാർ 2025ൽ കാലാവധി കഴിഞ്ഞെന്നും ഒഴിഞ്ഞു തരാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഉടമ മോണ്ടു സാഹ പൊലീസിനെ സമീപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL NEWS, NDA, TMC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360