SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.17 AM IST

ലോകകപ്പിൽ നമ്മുടെ മുത്ത്

thahsin

തിരുവനന്തപുരം : ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലാണെങ്കിലും തഹ്സിൻ മുഹമ്മദ് ജംഷീദ് എന്ന 19കാരനിലൂടെ സഫലമാകുന്നത് കേരളത്തിന്റേയും കനവുകളാണ്. എന്നെങ്കിലുമൊരു ഇന്ത്യക്കാരൻ ലോകകപ്പിൽ കളിക്കുമോ എന്ന സന്ദേഹത്തിന് കേരളത്തിൽ കളിച്ചുവളർന്ന് യൂണിവേഴ്സിറ്റി താരംവരെയായ തലശേരിക്കാരൻ ജംഷീദിന്റെ മകൻ തഹ്സിൻ അതെയെന്ന് ഉത്തരം നൽകിയ ദിവസമാണിന്നലെ. സ്പെയ്ൻകാരനായ മുഖ്യപരിശീലകൻ യൂലെൻ ലൊപ്തേഗുയി ലോകകപ്പിനുള്ള 26 അംഗ ടീമിനെ ഇന്നലെ പ്രഖ്യാപിക്കുമ്പോൾ മലയാളി ഫുട്ബാൾ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നത് അതിൽ തഹ്സിൻ മുഹമ്മദ് ജംഷീദ് എന്ന പേരുണ്ടോയെന്നാണ്.

തന്റെ പന്തുകളി പ്രേമവും പ്രതിഭയും മകനിലേക്ക് പകർന്നുനൽകിയ ജംഷീദിന്റെ വർഷങ്ങളായുള്ള പ്രയത്നത്തിന്റെ ഫലം കൂടിയാണ് തഹ്‌സിന്റെ ഈ ചരിത്രനേട്ടം. പന്തുകളിയിൽ താത്പര്യം കാട്ടിയ മകനെ ഖത്തറിലെ ഏറ്റവും മികച്ച ഫുട്ബാൾ അക്കാദമികളിലൊന്നായ ആസ്പയറിൽ തന്നെ ജംഷീദ് ചേർത്തു. ഡിഫൻഡേഴ്സിനെ ഡ്രിബിൾ ചെയ്ത് എതിർപ്രതിരോധത്തിൽ ട്രബിൾ സൃഷ്ടിക്കുന്ന തഹ്സിന്റെ ശൈലിയാണ് ഖത്തറിന്റെ ദേശീയ ജൂനിയർ ടീമിലേക്ക് വിളിക്കാൻ കാരണം. അണ്ടർ 16 ടീമിലേക്കായിരുന്നു ആദ്യ ക്ഷണം. തുടർന്ന് അണ്ടർ 17 ടീമിൽ. 17-ാം വയസിൽ ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ്ബായ അൽ ദുഹൈൽ തഹ്‌സിനെ സ്വന്തമാക്കി. 2023ൽ ഇന്ത്യൻ പര്യടനത്തിനെത്തിയ ഖത്തറിന്റെ അണ്ടർ 17 ദേശീയ ടീമിൽ തഹ്‌സിനുമുണ്ടായിരുന്നു.

2024ൽ ആദ്യമായി ദേശീയ ടീമിലേക്ക് ക്ഷണം. അഫ്ഗാനും ഇന്ത്യയ്ക്കുമെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കായാണ് ടീമിലെടുത്തത്. 2024 ജൂൺ ആറിന് അഫ്ഗാനെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച് ആദ്യ ഒരു മണിക്കൂർ കളിച്ചു. പിന്നാലെ ഇന്ത്യയ്ക്ക് എതിരെ നടന്ന മത്സരത്തിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. അതിന് ശേഷം ഖത്തർ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ക്ളബ് തലത്തിൽ മികച്ച പ്രകടനം തുടർന്നതോടെയാണ് കഴിഞ്ഞമാസം ലോകകപ്പിനുള്ള 34അംഗ ടീമിൽ ലൊപ്തേഗുയി ഉൾപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, TAHSIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360