
തിരുവനന്തപുരം: പൊള്ളുന്ന മീനച്ചൂടിനൊപ്പം രാഷ്ട്രീയ താപനില ഉച്ചസ്ഥായിയിൽ നിൽക്കുന്ന മണ്ഡലമേതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു. നേമം. ത്രികോണ മത്സരത്തിന്റെ വീറുംവാശിയും ഹൈപ്പിച്ചിലാണിവിടെ. വിജയപ്രതീക്ഷയോടെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഒരു വശത്ത്. അക്കൗണ്ട് തുറക്കാൻ ബി.ജെ.പിയെ സമ്മതിക്കില്ലെന്ന വാശിയിൽ വിജയം കാംക്ഷിച്ച് സി.പി.എമ്മിൽ നിന്ന് സിറ്റിംഗ് എം.എൽ.എയായ മന്ത്രി വി.ശിവൻകുട്ടിയും കോൺഗ്രസിൽ നിന്ന് കെ.എസ്.ശബരിനാഥനും മറുവശത്ത്. മണ്ഡലത്തിലെ മുക്കിലും മൂലയിലുംവരെ പ്രചാരണപ്പൂരത്തിന്റെ കൊട്ടിക്കയറ്റം.
സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി പ്രതിനിധിയെ നിയമസഭയിലേക്ക് അയച്ച മണ്ഡലമാണ് നേമം. അവിടെ വാഴേണ്ടത് ബി.ജെ.പിയുടെ അഭിമാനലക്ഷ്യം. ബി.ജെ.പിയെ വീഴ്ത്തേണ്ടത് സി.പി.എമ്മിന്റേയും കോൺഗ്രസിന്റേയും പ്രസ്റ്റീജും. കരുത്തർ തമ്മിലുള്ള ഏറ്റുമുട്ടലായതിനാൽ മണ്ഡലമനസ് പ്രവചിക്കുക പ്രയാസം.
മണ്ഡലത്തിലെ കഴിഞ്ഞ 30 വർഷത്തെ ഏഴ് തിരഞ്ഞെടുപ്പുകളിൽ നാലിലും വിജയിച്ചത് സി.പി.എം. രണ്ടുതവണ കോൺഗ്രസ്. ഒരുതവണ ബി.ജെ.പി. 2016ൽ മുതിർന്ന നേതാവ് ഒ.രാജഗോപാലിലൂടെയാണ് നിയമസഭയിൽ ബി.ജെ.പി ആദ്യമായി അക്കൗണ്ട് തുറന്നത്. ബി.ജെ.പിയുടെ സംഘടനാ അടിത്തറയുടെ ഫലം കൂടിയായിരുന്നു ആ വിജയം. മണ്ഡല ചരിത്രത്തെ രണ്ടായി തിരിച്ചാൽ ബി.ജെ.പിക്ക് മുമ്പും ശേഷവും എന്നാകും.
രാജഗോപാലിന്റെ വിജയത്തിനുശേഷം നേമം ബി.ജെ.പിയുടെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലമായി മാറി. മദ്ധ്യവർഗ വോട്ടർമാർക്കിടയിലും ജാതി സംഘടനകൾക്കിടയിലും സ്വാധീനം വർദ്ധിപ്പിക്കാനായി. 2021ൽ ബി.ജെ.പിക്ക് വിജയം തുടരാനായില്ലെങ്കിലും നേടിയ വോട്ടുവിഹിതം മണ്ഡലം ഇപ്പോഴും ത്രികോണമത്സരത്തിന്റെ കേന്ദ്രമാണെന്ന് തെളിയിക്കുന്നു. എൽ.ഡി.എഫ് രണ്ടാംമന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിമാരിൽ ഒരാളെന്ന ഇമേജ് മന്ത്രി ശിവൻകുട്ടിക്ക് പ്ളസ് പോയിന്റാണ്. കോൺഗ്രസിലെ യുവനിരയിൽ ശ്രദ്ധേയനാണ് ശബരിനാഥൻ.
2016ൽ ബി.ജെ.പിക്ക് 67813, സി.പി.എമ്മിന് 59142, കോൺഗ്രസിന് 13860 എന്നിങ്ങനെയായിരുന്നു വോട്ടുവിഹിതം. ബി.ജെ.പി ഭൂരിപക്ഷം 8671വോട്ട്. 2021ൽ വി.ശിവൻകുട്ടിയിലൂടെ മണ്ഡലം സി.പി.എം തിരിച്ചുപിടിച്ചു. ഭൂരിപക്ഷം 3949. ശിവൻകുട്ടിക്ക് 55837, ബി.ജെ.പിയിലെ കുമ്മനം രാജശേഖരന് 51888, കോൺഗ്രസിലെ കെ.മുരളീധരന് 36524 എന്നിങ്ങനെയായിരുന്നു വോട്ടു വിഹിതം.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 22 കോർപ്പറേഷൻ വാർഡുകളിൽ 17ലും വിജയിച്ചത് ബി.ജെ.പി. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിൽ 61000ത്തിലേറെ വോട്ടുകൾ നേടി മറ്റുരണ്ടു മുന്നണികളേയും പിന്നിലാക്കി. മണ്ഡലത്തിൽ ആകെ 1.70ലക്ഷം വോട്ടർമാർ. അതിൽ 36000 മുസ്ളിംവിഭാഗം, 4200 ക്രിസ്ത്യൻവിഭാഗം. 60000ത്തോളം വരുന്ന നായർ സമുദായമാണ് പ്രബല വിഭാഗം. വികസനം മുൻനിറുത്തിയാണ് ബി.ജെ.പി പ്രചാരണം. കോൺഗ്രസും സി.പി.എമ്മും ബി.ജെ.പി വിരുദ്ധ,വർഗീയ വിരുദ്ധ മുദ്രാവാക്യങ്ങൾക്ക് ഊന്നൽ നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |