SignIn
Kerala Kaumudi Online
Wednesday, 22 April 2026 3.52 AM IST

'കേരളത്തിൽ അങ്ങനെ പാർട്ടി ഗ്രാമങ്ങൾ വേണ്ട' 

Increase Font Size Decrease Font Size Print Page
k

ചർച്ചകളും വിമർശനങ്ങളും പോർവിളികളുമൊക്കെ തിരഞ്ഞെടുപ്പുകാലത്ത് പതിവാണ്. പക്ഷേ, ഒരു സ്ഥാനാർത്ഥിയെ വഴിതടഞ്ഞ് പ്രചാരണം തടസപ്പെടുത്തുന്ന രീതി കേരളത്തിൽ അപൂർവം. പാലക്കാട് വടക്കന്തറയിൽ ബി.ജെ.പി പ്രവർത്തകർ യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ തടഞ്ഞത് രാഷ്ട്രീയ ഭേദമന്യേ വിമർശനത്തിനിടയാക്കി. മുഖ്യമന്ത്രി പിണറായി വിജയനും വി.ഡി.സതീശനും രൂക്ഷമായ ഭാഷയിൽ എതിർത്തു. സംയമനം പാലിച്ച് രാജീവ് ചന്ദ്രശേഖർ. വാദം മറുവാദം തുടരുന്നു

ഇത് ബി.ജെ.പിയുടെ സാമ്പിൾ വെടിക്കെട്ട്

പിണറായി വിജയൻ


ബി.ജെ.പി മറ്റുപലയിടത്തും കാണിച്ചതിന്റെ ഒരു സാമ്പിളാണ് പാലക്കാട് കണ്ടത്. ബി.ജെ.പിയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെട്ടത്. പിഷാരടിയെ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയുംചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണ്. സി.പി.എം ശക്തമായി അപലപിക്കുന്നു. എന്നാൽ സ്വന്തം സ്ഥാനാർത്ഥി തെരുവിൽ തടയപ്പെട്ടിട്ടും ബി.ജെ.പിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കഴിയാതെ കോൺഗ്രസ് നിസഹായാവസ്ഥയാണ് പ്രകടിപ്പിച്ചത്. ബി.ജെ.പിയെ വല്ലാതങ്ങ് പറഞ്ഞുപോയാൽ അവർ പിണങ്ങിപ്പോവുമോ എന്നപേടി ഇപ്പോഴും അവരെ വേട്ടയാടുന്നു.

ബി.ജെ.പിക്ക് കോൺഗ്രസിനെ ശരിക്കും അറിയില്ല

വി.ഡി.സതീശൻ

പാലക്കാട്ട് യു.ഡി.എഫിലെ രമേഷ് പിഷാരടിയെ വോട്ടുപിടിക്കാൻ അനുവദിക്കില്ലെന്ന ബി.ജെ.പി ധാർഷ്ട്യം അവരുടെ കൈയിൽ വച്ചാൽമതി. കേരളത്തിൽ ഇനിയൊരു പാർട്ടി ഗ്രാമങ്ങളും വേണ്ട. എവിടെ തടഞ്ഞാലും ചുട്ട മറുപടി തിരിച്ചുകിട്ടും എന്ന് അവർ ഓർത്തുവയ്ക്കുന്നത് നല്ലതാണ്. ഇത് ഉത്തരേന്ത്യയല്ല, കേരളമാണെന്ന് മറന്നുപോകേണ്ട. സമാധാനപരമായി, ഒരു വർഗീയതയും പറയാതെ വോട്ടുപിടിക്കാനിറങ്ങിയപ്പോഴാണ് മുൻകൂട്ടി തീരുമാനിച്ചതു പ്രകാരം ബി.ജെ.പി പ്രവർത്തകർ തടയാൻ ചെന്നത്. ഇങ്ങനെ പേടിപ്പിച്ച് കോൺഗ്രസിനെ നിശബ്ദമാക്കാൻ നോക്കണ്ട.

ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കരുത്

രാജീവ് ചന്ദ്രശേഖർ

പാലക്കാട്ടുണ്ടായസംഭവത്തിന്റെ നേർചിത്രം അറിയില്ല. ബി.ജെ.പി അങ്ങനെ ആരെയും പേടിപ്പിച്ചുവിട്ട് വോട്ടുപിടിക്കുന്ന പാർട്ടിയല്ല. അവിടെ എന്താണുണ്ടായതെന്ന് പരിശോധിക്കും. ഇത്തരം സംഭവങ്ങളെ ഊതിവീർപ്പിക്കരുത്. അത് നാടിന്റെ നന്മയ്ക്കു ചേരുന്നതല്ല. എല്ലാവരും സംയമനം പാലിക്കണമെന്നും വിവാദം വിട്ട് വികസന ചർച്ചയിലേക്ക് വരണമെന്നുമാണ് പറയാനുള്ളത്. ഇരുമുന്നണികളും പ്രകടനപത്രിക ഇറക്കിക്കഴിഞ്ഞു. എന്ത് ക്രിയാത്മകമായ സമീപനമാണ് അവരുടെ പ്രകടന പത്രികയിലുള്ളത്. ജനങ്ങൾക്കു വേണ്ടിയാവണം സർക്കാർ എന്ന് രാജ്യത്ത് കാണിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി സർക്കാരിനെ മുൻനിറുത്തിയാണ് കേരളത്തിൽ എൻ.ഡി.എ ജനവിധി തേടുന്നത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.