
തിരുവനന്തപുരം: കത്തിക്കാളുന്ന വെയിലിനെ വകവയ്ക്കാതെ നട്ടുച്ച മുതൽ കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ടിൽ കാത്തിരുന്ന ജനക്കൂട്ടത്തിലേക്ക് ആവേശം ജ്വലിപ്പിച്ച് പ്രിയങ്ക ഗാന്ധിയെത്തി. അപ്പോൾ സമയം മൂന്നേമുക്കാൽ. കരഘോഷത്തോടെയാണ് ജനാവലി പ്രിയങ്കയെ എതിരേറ്റത്. പിങ്ക് നിറത്തിലെ കോട്ടൺ ചുരിദാറണിഞ്ഞെത്തിയ പ്രിയങ്കയെ കണ്ടപ്പോൾ ഇന്ദിരാഗാന്ധി വേദിയിലിരിക്കുന്നതുപോലെ തോന്നുന്നെന്നും ഇന്ദിരയുടെ പുനരവതാരമെന്ന് വിശ്വസിക്കുന്നെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി മരിയാപുരം ശ്രീകുമാർ. പുഞ്ചിരിയോടെ അത് കേട്ടിരുന്നു പ്രിയങ്ക.
കഴിഞ്ഞ 10 വർഷം നിങ്ങളുടെ ജീവിതം മെച്ചപ്പെട്ടോയെന്ന ചോദ്യവുമായാണ് പ്രിയങ്ക പ്രസംഗം തുടങ്ങിയത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, സംരംഭകത്വം തുടങ്ങിയ മേഖലകളെല്ലാം എണ്ണിപ്പറഞ്ഞു. എല്ലാറ്റിനും ഇല്ല എന്ന് ജനക്കൂട്ടത്തിന്റെ ആർത്തുവിളിച്ചുള്ള മറുപടി. ജനങ്ങളുടെ പ്രശ്നങ്ങളോട് മുഖംതിരിക്കുന്ന സർക്കാരാണിവിടെയുള്ളത്. ആശ, അങ്കണവാടി പ്രവർത്തകരുടെ സമരം അവഗണിച്ചതും മത്സ്യത്തൊഴിലാളികളെ സഹായിക്കാത്തതുമെല്ലാം ചൂണ്ടിക്കാട്ടി. ഒന്നും ചെയ്യാത്ത സർക്കാരിനെ മാറ്റാനുള്ള അവസരമാണിതെന്ന ആഹ്വാനവും പ്രിയങ്ക നൽകി.
ഏതുവിധേനയും അധികാരത്തിൽ തുടരാൻ ശ്രമിക്കുന്ന സർക്കാരാണിതെന്നും അതിനായി രഹസ്യമായി ബി.ജെ.പിക്കൊപ്പം പിണറായി ചേരുന്നുവെന്നും കുറ്റപ്പെടുത്തി. അഴിമതിക്കേസുകളിൽ സ്വയം സംരക്ഷിക്കാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു മുന്നിൽ തലകുനിച്ച് നിൽക്കുന്നു. മോദി സ്വയം സംരക്ഷിക്കാൻ അമേരിക്കയുടെയും ഇസ്രയേലിന്റെയും മുന്നിൽ തലകുനിച്ച് നിൽക്കുന്നു. സ്വന്തം രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടിനിൽക്കാൻ ധൈര്യമില്ലാത്ത, ഒത്തുകളിക്കാരായ രാഷ്ട്രീയക്കാരാണ് നമ്മളെ ഭരിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
എന്താണ് ഇവിടെ സംഭവിക്കുന്നത്?
ഭരിക്കുന്നവർക്ക് ജനങ്ങളോട് മറുപടി പറയാനുള്ള ഉത്തരവാദിത്ത്വമുണ്ട്. 10 വർഷമായി കേരളത്തിൽ അങ്ങനെയൊന്നില്ല. കേരളത്തിൽ ജോലി ലഭിക്കാത്തതിനാൽ നഴ്സുമാരടക്കം ഇവിടം വിടുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരേ വ്യാപകമായ അക്രമം നടക്കുന്നു. കേരളത്തിൽ നിന്നുള്ളവർ പലേടത്തും ആക്രമിക്കപ്പെടുന്നു. എന്താണ് ഇവിടെ സംഭവിക്കുന്നത്? ജനങ്ങളുടെ ആവശ്യങ്ങളെ സർക്കാർ അവഗണിക്കുകയാണ്. ഇതൊരു തിരഞ്ഞെടുപ്പ് മാത്രമല്ല, കേരളത്തിൽ ജനാധിപത്യം തിരിച്ചുകൊണ്ടുവരാനുള്ള അവസരമാണ്. കേരളത്തിന്റെ ഭാവിക്കുവേണ്ടിയാവണം ഇത്തവണത്തെ വോട്ട്-നിലയ്ക്കാത്ത കരഘോഷത്തിനിടെ പ്രിയങ്ക പറഞ്ഞു. 'പുതിയ സർക്കാരിനെ തിരഞ്ഞെടുത്ത് പുതിയ കേരളം സൃഷ്ടിക്കൂ" എന്ന ആഹ്വാനം നൽകി, കെ. മുരളീധരന്റെ കരംഗ്രഹിച്ച് കുശലം പറഞ്ഞ് മടങ്ങുമ്പോൾ വൻജനാവലി എഴുന്നേറ്രു നിന്ന് കൈവീശി. തിരുവനന്തപുരത്തെ 11 യു.ഡി.എഫ് സ്ഥാനാർത്ഥികളും പ്രിയങ്കയ്ക്കൊപ്പം വേദിയിലെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |