SignIn
Kerala Kaumudi Online
Saturday, 06 June 2026 9.58 AM IST

'ബി ജെ പിയിലേക്ക് പോകുമെന്നത് എന്റെ നേതാവിന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ പടച്ച് വിട്ട കഥ'; ചോരയും നീരും കോൺഗ്രസാണെന്ന് ശരത്ചന്ദ്ര പ്രസാദ്

sarathchandra-prasad

തിരുവനന്തപുരം: താൻ ബി ജെ പിയിലേക്ക് പോകുന്നുവെന്ന വാർത്തയിൽ വികാരാധീനനായി കെ പി സി സി വൈസ് പ്രസി‌‌ഡന്റ് ശരത്ചന്ദ്ര പ്രസാദ്. തന്റെ തന്നെ നേതാവിന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ ഇന്നലെ മുതൽ പടച്ച് വിട്ടുകൊണ്ടിരിക്കുന്ന സാധനമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1978 മുതൽ എന്റെ ചോരയും നീരും ഈ പാർട്ടിയാണ്. 28 കൊല്ലമായി കെ പി സി സി ഭാരവാഹിയാണ്. വീട്ടിലെ വസ്‌തു തർക്കത്തിന് വേണ്ടിയല്ല മാർക്‌സിസ്റ്റുകാർ എന്നെ കൊല്ലാൻ ശ്രമിച്ചത്. ചോദ്യം ചോദിക്കുമ്പോഴും മറുപടി പറയുമ്പോഴും എന്റെ മനസിൽ ആത്മരോഷമാണ്. എന്തൊരു നാണക്കേടാണ്. സ്ഥാനാർത്ഥിയാകാൻ ആഗ്രഹിച്ചത് ശരിയാണ്. 1991ൽ എം എൽ എ ആയ ശേഷം 1996ൽ വീണ്ടും സ്ഥാനാർത്ഥിയായി. പിന്നെ ഇരുപത് കൊല്ലം സ്ഥാനാർത്ഥി ആയില്ലെന്നും' ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

'മഹാത്മാഗാന്ധി എന്റെ വികാരമാണ്. ഇന്ദിരഗാന്ധി എന്റെ പ്രചോദനമാണ്. കെ കരുണാകരൻ എന്റെ രാഷ്ട്രീയ ഗുരുവാണ്. അവരുടെ ചിന്തയാണ് എന്റെ ഹൃദയത്തിലുളളത്. ആര് പോയാലും ശരത്ചന്ദ്ര പ്രസാദ് കോൺഗ്രസാണ്. എന്റെ ശരീരത്തിൽ വാരികുന്തം കുത്തിയിറക്കിയപ്പോൾ പോലും ഞാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സിന്ദാബാദ് എന്നാണ് വിളിച്ചത്. ഈ പറയുന്നവനൊക്കെ ദൈവം കൊടുക്കും. എന്റെ നേതാവിന്റെ ഓഫീസിലെ ഒരുത്തൻ അവന് ഇഷ്‌ടപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കാൻ വേണ്ടി ചെയ്‌ത പണിയാണിത്. ശരത്ചന്ദ്ര പ്രസാദ് കോൺഗ്രസാണ്. ഈ ചോര കോൺഗ്രസിന് വേണ്ടിയുളളതാണെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BJP, CONGRESS, SARATH CHANDRA PRASAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA