SignIn
Kerala Kaumudi Online
Friday, 06 November 2026 2.41 AM IST

സമര വേദികൾ കുടികിടപ്പാക്കരുത്

READ ENGLISH VERSION
wss

ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം പോലെ തന്നെ പ്രധാനമാണ് പൗരന്മാരുടെ ജീവിക്കാനുള്ള അവകാശവും. സമരം നടത്തുന്നതിന്റെ പേരിൽ സാധാരണക്കാരുടെ ജീവിക്കാനുള്ള അവകാശവും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യ‌വും കവർന്നെടുക്കുന്നത് നീതീകരിക്കാനാവുന്നതല്ല. നമ്മുടെ നാട്ടിൽ നടക്കുന്ന ഭൂരിപക്ഷം സമരങ്ങളും അധികാരികൾ നിയമം അട്ടിമറിച്ചു എന്ന് ആരോപിച്ചുകൊണ്ടുള്ളതാണ്. എന്നാൽ ഈ സമരം നടത്തുന്നവർ തന്നെ നിയമം അട്ടിമറിക്കുന്ന കാഴ്ചയാണ് എവിടെയും കാണാറുള്ളത്. പൊതുമുതൽ നശിപ്പിക്കുന്നത് സമരക്കാർ ഒരു അവകാശം പോലെയാണ് വർഷങ്ങളായി വച്ചു നടത്തുന്നത്. ഇതൊരു പ്രാകൃതമായ രീതിയാണ്. അക്രമ സമരമേ ശ്രദ്ധിക്കപ്പെടൂ എന്ന മുൻവിധിയാണ് ഇത്തരം സമര കോപ്രായങ്ങൾക്ക് ഇടനൽകുന്നത്. ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ചേർന്നതല്ല ഇത്തരം അക്രമ സമരങ്ങൾ. രാഷ്ട്രീയ കക്ഷികളും മറ്റ് അവശ്യങ്ങൾക്കു വേണ്ടി തെരുവിലിറങ്ങുന്നവരും സമര രീതികൾക്ക് സ്വയം ചില പരിധികൾ കൽപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നാണ് സമാധാനപരമായ പ്രതിഷേധം. ഭരണാധികാരികളുടെ തെറ്റായ നയങ്ങൾക്കെതിരെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായും പ്രതിഷേധിക്കാനും സമരം സംഘടിപ്പിക്കാനും ഭരണഘടന മൗലികാവകാശത്തിന്റെ ഭാഗമായി തന്നെ ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ, ഈ അവകാശം മറ്റുള്ളവരുടെ സ്വാഭാവിക ജീവിതത്തെയും ഉപജീവനത്തെയും പൂർണമായി തടസപ്പെടുത്തുന്ന വിധത്തിലാകരുത്. ചുരുക്കി പറഞ്ഞാൽ രാജ്യത്ത് നിലനിൽക്കുന്ന നിയമം അനുസരിക്കാനും പാലിക്കാനും സമരക്കാരും ബാദ്ധ്യസ്ഥരാണ് എന്നർത്ഥം. ഡൽഹിയിലെ ജന്തർ മന്ദറിലും രാംലീല മൈതാനിയിലും നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സമരവേദികൾ അനിശ്ചിതകാലത്തേക്ക് ഒരു കൂട്ടർക്ക് മാത്രമായി കൈവശം വയ്ക്കാനാവില്ലെന്നും അവയ്ക്ക് കൃത്യമായ സമയ പരിധി നിശ്ചയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയതിനെ ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്തേണ്ടത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഈ നിരീക്ഷണം ഗൗരവമേറിയ ചർച്ചകൾക്ക് തുടക്കമിടുന്നതാണ്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളും മറ്റ് സ്വതന്ത്ര സംഘടനകളും വ്യക്തികളും നടത്തിയ വൻ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടലും സുപ്രധാന നിരീക്ഷണങ്ങളും ഉണ്ടായിരിക്കുന്നത്. പ്രതിഷേധം കാരണം ദീപാവലി ഉത്സവക്കാലത്തെ കച്ചവടം തടസപ്പെടുമെന്ന് പരാതിപ്പെട്ട ഡൽഹിയിലെ വ്യാപാരി സംഘടനയോട് സമര സംഘാടകരെയെല്ലാം ഹർജിയിൽ കക്ഷിയാക്കാനും കോടതി നിർദ്ദേശിച്ചു. ഒരു സംഘടന മാത്രം അനിശ്ചിത കാലത്തേക്ക് സമരം തുടർന്നാൽ കർഷകരും തൊഴിലാളികളും മറ്റും പ്രതിഷേധിക്കാൻ എവിടെ പോകുമെന്നും കോടതി ചോദിച്ചു. ജൂലായിൽ ഒരു ദിവസത്തെ അനുമതിയോടെ ആരംഭിച്ച സി.ജെ.പിയുടെ പ്രതിഷേധം 17 ദിവസം നീണ്ടെന്ന് ഡൽഹി പൊലീസിന് വേണ്ടി സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ഈ പരാമർശം.

പ്രതിഷേധം കാരണം പതിനായിരത്തിലേറെ കോടിയുടെ കച്ചവടമാണ് ഇല്ലാതായതെന്ന് വ്യാപാരികളുടെ അഭിഭാഷകനും ബോധിപ്പിച്ചു. ഈ വാദത്തിൽ സമരക്കാരെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും പ്രതിഷേധങ്ങളെ നേരിടാൻ പൊലീസ് ഏർപ്പെടുത്തുന്ന അമിത നിയന്ത്രണങ്ങളും ബാരിക്കേഡുകളും ജനജീവിതത്തെയും വ്യാപാരത്തെയും ബാധിക്കുന്നുണ്ടെന്ന യാഥാർത്ഥ്യവും വിസ്‌മരിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. എങ്കിലും ഒരു ദിവസത്തെ അനുമതി വാങ്ങി അനിശ്ചിതമായി പൊതുസ്ഥലം കൈയ്യേറുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് കോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കുകയും ചെയ്തു. ചില സന്ദർഭങ്ങളിൽ അധികാരികളുടെ തെറ്റുകൾ തിരുത്താൻ സമരം ആവശ്യമാണ്. എന്നാൽ അതിന്റെ പേരിൽ പൊതുസ്ഥലം ദീർഘനാൾ കുടികിടപ്പാക്കുന്നത് ശരിയായ രീതിയല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION