
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഷിഗെല്ല മരണം കൂടി റിപ്പോർട്ട് ചെയ്തു. വയറിളക്കം ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം കീഴാറ്റൂർ തച്ചിങ്ങനാടം നല്ലൂർ വേർക്കോട്ടു പറമ്പിൽ സരോജിനിക്കാണ് (69) മരണശേഷം രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. തിങ്കളാഴ്ച മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനെ തുടർന്നാണ് കോഴിക്കോട്ടേയ്ക്ക് മാറ്റിയത്. പരേതനായ കണ്ണനാണ് ഭർത്താവ്. തേഞ്ഞിപ്പലം, എടവണ്ണ സ്വദേശികളായ രണ്ടുപേർ ഷിഗല്ല ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കോഴിക്കോട് പയ്യോളിയിൽ മൂന്ന് വയസുകാരനും തിരുവനന്തപുരം കാട്ടാക്കടയിൽ ഒരാൾക്കും
വയനാട് കോളിയാടി സ്കൂളിലെ ഏഴ് കുട്ടികൾക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. വയനാട്ടിൽ മാത്രം ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. ആരോഗ്യസ്ഥിതി തൃപ്തികരം. പയ്യോളി നഗരസഭയിലെ തച്ചൻകുന്നിലെ മൂന്നുവയസുകാരനാണ് രോഗബാധയുണ്ടായത്. കുട്ടി ആശുപത്രി വിട്ടു.
കാട്ടാക്കടയിൽ രോഗിയുടെ സമീപപ്രദേശത്തുള്ള ബേക്കറിയിലെ പാനീയത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ബേക്കറി അടപ്പിച്ചു. തിരുവനന്തപുരം ഗവ.അനലിസ്റ്റ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.
നിപ പുതിയ കേസുകളില്ല;
3 പേർ ആശുപത്രിയിൽ
10 പേർ കൂടി സമ്പർക്ക പട്ടികയിൽ
തിരുവനന്തപുരം; കോഴിക്കോട് ജില്ലയിൽ പുതിയ നിപ്പ കേസ് കണ്ടെത്തിയിട്ടില്ലെന്നും ക്വാറന്റൈനിലുള്ള മൂന്നു പേരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള വ്യക്തിക്ക് ഐ.സി.എം.ആർ മാനദണ്ഡങ്ങൾ പാലിച്ച് മോണോ ക്ളോണൽ ആന്റിബോഡി ആദ്യത്തെ ഡോസ് നൽകിയിട്ടുണ്ട്.
പുതിയതായി 10 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി. തീവ്ര റിസ്‌ക് വിഭാഗത്തിൽ 4 പേരും ഉയർന്ന റിസ്‌കിൽ 16 പേരും കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽ 67 പേരും ഉൾപ്പെടെ 87 പേരാണ് പട്ടികയിൽ ഉള്ളത്. നാഷണൽ ഡിസീസ് കൺട്രോൾ സെന്ററിൽ (എൻ.സി.ഡി.സി) നിന്നുള്ള വിദഗ്ദ്ധർ ഇന്ന് ജില്ലയിൽ സന്ദർശനം നടത്തും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |