
ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ സാന്നിദ്ധ്യം കൊണ്ടും സാമീപ്യം കൊണ്ടും പവിത്രമായ ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
മുഖ്യമന്ത്രി എന്ന നിലയിൽ ആദ്യമായി ശിവഗിരി മഹാസമാധിയിൽ ദർശനം നടത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്. ജാതിമത ചിന്തകൾക്ക് അതീതമായി മതസൗഹാർദ്ദത്തോടെ എല്ലാവരും ഒരുമിച്ചു നിൽക്കുന്ന കേരളത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന പ്രതിജ്ഞയാണ് ഗുരുസമാധിയിൽ വച്ച് താൻ പുതുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സൗമ്യമായ ഭാഷണം കൊണ്ട് കൊടുങ്കാറ്റ് സൃഷ്ടിച്ച്, കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെല്ലാം പരിവർത്തനമുണ്ടാക്കിയ ഗുരുദേവന്റെ മഹാസമാധിക്ക് മുന്നിലാണ് നിൽക്കുന്നത്. എല്ലാവരും സൗഹാർദ്ദത്തോടെ ഒരുമിച്ചു ജീവിക്കുന്ന, സോദരരെ പോലെ വാഴുന്ന ഒരു മാതൃകാ സ്ഥാനമാക്കി നമ്മുടെ കേരളത്തെ മാറ്റാൻ ഗുരുവിന്റെ ആദർശങ്ങളും ദർശനവും തീർച്ചയായും നമ്മളെ എല്ലാവരെയും സഹായിക്കും.
ഇന്നലെ രാവിലെ 8.30 ഓടെ മഠം ഗസ്റ്ര് ഹൗസിലെത്തിയ മുഖ്യമന്ത്രിയെ ശ്രീനാരായണധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ജ്ഞാനതീർത്ഥ, സ്വാമി വിശാലാനന്ദ, സ്വാമി സുരേശ്വരാനന്ദ തുടങ്ങിയവർ സ്വീകരിച്ചു. സ്വാമി സച്ചിദാനന്ദ പൊന്നാട അണിയിച്ചു.
മഹാസമാധിയിലെത്തിയ മുഖ്യമന്ത്രി ഗുരുദേവ പ്രതിഷ്ഠയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. സ്വാമി സച്ചിദാനന്ദ പ്രസാദം നൽകി. മുൻ എം.എൽ.എ വർക്കല കഹാർ, അഡ്വ. കെ.പി. അനിൽകുമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ആദർശ രാഷ്ട്രീയത്തിന്റെ
നിറകുടം: സ്വാമി സച്ചിദാനന്ദ
ആദർശ നിഷ്ഠമായ രാഷ്ട്രീയത്തിന്റെ നിറകുടമായാണ് വി.ഡി.സതീശനെ കേരളീയ ജനത കാണുന്നതെന്ന് സ്വാമി സച്ചിദാനന്ദ മാദ്ധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിലൂടെ ഒരു വലിയ സദ്ഭരണം ഇവിടെ ഉണ്ടായി നമ്മുടെ നാടിന് സമഗ്രമായ പുരോഗതി കൈവരിക്കാൻ സാധിക്കുമെന്നുള്ള വിശ്വാസമാണ് നമ്മുടെ ജനതയ്ക്കുള്ളത്. ജാതി, മത, കക്ഷി ,രാഷ്ട്രീയ ഭേദചിന്തകൾക്കതീതമായി അദ്ദേഹത്തിന് പ്രവർത്തിക്കാനും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനത്തെ സൃഷ്ടിച്ചെടുക്കാനും എല്ലാവിധമായ അനുഗ്രഹവും ജഗദീശ്വരൻ പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിച്ച് ശിവഗിരി മഠത്തിന്റെ എല്ലാവിധ മംഗളാശംസകളും അദ്ദേഹത്തിന് നേരുന്നതായും സ്വാമി സച്ചിദാനന്ദ മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |