SignIn
Kerala Kaumudi Online
Thursday, 28 May 2026 7.39 PM IST

'ജി സുധാകരന്റെ മനസ് പകുതി ബിജെപിക്കാരന്റേത്, കോൺഗ്രസിലേക്ക് പോകുമെന്ന് കരുതുന്നില്ല'; ബി ഗോപാലകൃഷ്ണൻ

bjp

തൃശൂർ: ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റിനൊപ്പം ജി സുധാകരനെ വീട്ടിൽ പോയി കണ്ടിരുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ. വിശിഷ്ട വ്യക്തിത്വങ്ങളെ കണ്ട് ആദരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ ഭാഗാമായാണ് അദ്ദേഹത്തെ സന്ദർശിച്ചതെന്നും അദ്ദേഹം കാണിച്ച സ്‌നേഹവും ബഹുമാനവും സ്‌നേഹവും എടുത്തുപറയേണ്ടതാണെന്നും ബി ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

'ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം ജി സുധാകരന് സമ്മാനിച്ചു. സത്യസന്ധനായ കമ്മ്യൂണിസ്റ്റും പൊതുപ്രവർത്തകനുമാണ് ജി സുധാകരൻ. സിപിഎം രാജ്യദ്രോഹികളുമായി കൈകോർത്ത് ആദർശം കുഴിച്ചുമൂടുന്ന സമയമാണിത്. ആലപ്പുഴയിൽ ഭീകരവാദ പ്രസ്ഥാനത്തിന്റെ നേതാക്കൾ സിപിഎമ്മിനുള്ളിൽ നുഴഞ്ഞുകയറി സിപിഎമ്മിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങളൊക്കെ ചർച്ച ചെയ്തു. അദ്ദേഹം മൗനമായി കേട്ടു.

സുധാകരന്റെ മനസ് പകുതി ബിജെപിക്കാരന്റേത് കൂടിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യദ്രോഹികളുടെ കരാള ഹസ്തത്തിൽ ആണെന്ന ഞങ്ങളുടെ വാദം അദ്ദേഹം അംഗീകരിക്കുന്നുണ്ട്. ഒരിക്കലും സുധാകരന് കോൺഗ്രസിലേക്ക് പോകാൻ സാധിക്കില്ല. തീവ്രവാദികൾ സിപിഎമ്മിൽ നുഴഞ്ഞുകയറിയെന്ന കാര്യത്തിൽ ബിജെപിയുടെ പകുതി മനസ് സുധാകരന് ഉണ്ട്'- ഗോപാലകൃഷ്ണൻ പറഞ്ഞു.

അതേസമയം, സിപിഎം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ നിന്ന് ജി സുധാകരനെ ഒഴിവാക്കിയതിൽ അദ്ദേഹം അതൃപ്തിയിലാണെന്നാണ് സൂചന. പൊതുസമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയ പാർട്ടി നിലപാടിനെതിരെ പരസ്യ പ്രതികരണത്തിനൊന്നും ജി സുധാകരൻ മുതിർന്നിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ നീരസത്തിനൊപ്പം പാർട്ടി അണികളും അമർഷത്തിലാണ്. ജി സുധാകരനെ അവഗണിച്ചത് വിവാദമായ ദിവസം തന്നെ ജില്ലയിലെ ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. ബിപിൻ സി.ബാബു ബി.ജെ.പിയിൽ അംഗത്വമെടുത്തതും പാർട്ടിയെ പ്രതിസന്ധിയിലാക്കി. ഇതിനിടെ ജി സുധാകരനെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി വീട്ടിൽ സന്ദർശിച്ചത് ചർച്ചയായി.

തികച്ചും വ്യക്തിപരമായ സൗഹൃദ സന്ദർശനം മാത്രമാണ് കെസി വേണുഗോപാലിന്റെതെന്ന് ജി സുധാകരൻ പറഞ്ഞു. ആരോഗ്യപരമായ പല പ്രശ്നങ്ങൾ നേരിടുന്നയാളാണ് താൻ. അതിനാൽ പലരും വന്ന് കാണാറുണ്ട്. തങ്ങൾ ദീർഘകാലം നിയമസഭയിൽ ഒരുമിച്ചുണ്ടായിരുന്നവരാണ്. തന്നെ കാണാൻ വന്നാൽ കെ.സി. വേണുഗോപാൽ സിപിഎമ്മിൽ ചേരുമോ?. കെ സുരേന്ദ്രൻ പറയുന്നതിന് താൻ മറുപടി പറയണ്ട കാര്യമില്ല... മാനദണ്ഡ പ്രകാരം സ്ഥാനങ്ങൾ മാത്രമേ ഒഴിഞ്ഞിട്ടുള്ളു. താനിപ്പോഴും പൊതു പ്രവർത്തകനാണ്. മറ്റുള്ളവർ തന്നെ കുറിച്ച് സംസാരിക്കുന്നത് തനിക്ക് ഇപ്പോഴും പ്രാധാന്യമുള്ളത് കൊണ്ടാണെന്നും ജി സുധാകരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: G SUDHAKARAN, KERALA, CPM, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA