
ചേർത്തല: ചേർത്തല നഗരസഭയുടെ ജീവൻ രക്ഷാസമിതി നടത്തിയ ജനകീയ ധനസമാഹരണത്തിൽ 36 വാർഡുകളിൽ നിന്ന് വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമായി 52.31 ലക്ഷം രൂപ സമാഹരിച്ചു.നിരവധി പേർ ജീവൻ രക്ഷാസമിതിയുടെ ബാങ്ക് അക്കൗണ്ടിൽ ഇനിയും പണം നിക്ഷേപിച്ചിട്ടുണ്ട്. പണമില്ലാത്തതിന്റെ പേരിൽ നഗരത്തിൽ ഒരാളുടെയും ജീവൻ നഷ്ടപ്പെടരുതെന്ന സന്ദേശവുമായാണ് ജീവൻ രക്ഷാസമിതി രംഗത്തിറങ്ങിയത്.കരൾമാറ്റ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്ന മാദ്ധ്യമപ്രവർത്തകനായ 12ാം വാർഡ് ചെറുതുരുത്തി അഭിലാഷിന്റെ(53) ചികിത്സാ സഹായത്തിനായാണ് ജീവൻ രക്ഷാ സമിതി വീണ്ടും രംഗത്തിറങ്ങിയത്. അഭിലാഷിനായി മകൾ വൈഗാലക്ഷ്മി(19) ആണ് കരൾപകുത്തു നൽകുന്നത്. ഞായറാഴ്ച നഗരത്തിലെ 36 വാർഡുകളിലെ 12,500ലധികം വീടുകളിൽ നിന്ന് രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് 12വരെ അഞ്ചു മണിക്കൂറിലായാണ് ധനസമാഹരണം നടത്തിയത്.189 സ്ക്വാഡുകളിലായി 2000ത്തോളം പേർ സന്നദ്ധ പ്രവർത്തകരായി രംഗത്തിറങ്ങി. ഇതിനു മുന്നോടിയായി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ശനിയാഴ്ച ധനസമാഹരണം നടത്തിയിരുന്നു.ഇന്ന് സർക്കാർ സ്ഥാപനങ്ങളിലും സമാഹരണം നടത്തും.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഭിലാഷിന്റെ ശസ്ത്രക്രിയയ്ക്കും സാമ്പത്തിക ബുദ്ധിമുട്ട് മൂലം അവയവമാറ്റ ചികിത്സയ്ക്ക് പ്രയാസം നേരിടുന്ന മറ്റ് രോഗികളെയും സഹായിക്കുന്നതിനുമാണ് സമാഹരണത്തിലൂടെ ലഭിച്ച തുക വിനിയോഗിക്കുകയെന്നും ധനസമാഹരണത്തിൽ പങ്കാളികളായ എല്ലാവർക്കും ജീവൻ രക്ഷാസമിതി ചെയർമാൻ എസ്.സോബിൻ,ജനറൽ കൺവീനർ കെ.ടി.മധു എന്നിവർ നന്ദി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |