
തുറവൂർ: തുറവൂർ-അരൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികൾ നടത്തുന്നതിനിടെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടിയതിനെ തുടർന്ന് 8 പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടു. കഴിഞ്ഞദിവസം രാവിലെ ദേശീയപാതയിൽ തുറവൂർ കവലയ്ക്ക് തെക്കുഭാഗത്താണ് വയലാർ, പട്ടണക്കാട്, കടക്കരപ്പള്ളി പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടിയത്. നിമിഷങ്ങൾക്കകം ദേശീയപാതയോരം വെള്ളത്താൽ നിറഞ്ഞതോടെ വാഹനഗതാഗതത്തിനും തടസ്സം നേരിട്ടു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
വിവരമറിഞ്ഞ് കേരള ജല അതോറിറ്റി അധികൃതർ സ്ഥലത്തെത്തി പമ്പിംഗ് താൽക്കാലികമായി നിർത്തിവെച്ചതോടെ തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടു. തിങ്കളാഴ്ച മുതൽ കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ പഞ്ചായത്തുകളിൽ ഭാഗികമായി തടസ്സം ഒഴിവാക്കി കുടിവെള്ള വിതരണം പുനരാരംഭിച്ചു. എന്നാൽ തുറവൂർ, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം അടുത്ത ദിവസങ്ങളിലും മുടങ്ങാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച മുതൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചെങ്കിലും കനത്ത മഴയും പ്രദേശത്തെ വെള്ളക്കെട്ടും ജോലികൾക്ക് തിരിച്ചടിയായിട്ടുണ്ട്. പൈപ്പിന്റെ ആഴത്തിലുള്ള ഭാഗത്ത് പൊട്ടൽ സംഭവിച്ചതിനാൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |