SignIn
Kerala Kaumudi Online
Tuesday, 09 June 2026 12.01 AM IST

ദുരിതത്തിൽ മുങ്ങി തോട്ടം തൊഴിലാളികൾ,​ ദുരിതത്തിൽ മുങ്ങി തോട്ടം തൊഴിലാളികൾ

layam

 താമസം പൊട്ടിപ്പൊളിഞ്ഞ ലയങ്ങളിൽ തന്നെ

പീരുമേട്: കാലവർഷം ശക്തമായതോടെ തോട്ടംതൊഴിലാളികളുടെ ദുരവസ്ഥ ഇരട്ടിച്ചു. പൊട്ടിപൊളിഞ്ഞ് അപകടാവസ്ഥയിലായ ലയങ്ങളിൽ കഴിയേണ്ട ഗതികേടിലാണ് തേയില, ഏലം തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ. തൊഴിലാളികളുടെ വീടുകൾ നവീകരിക്കുന്നതിനായി മുൻസർക്കാർ പദ്ധതി തയ്യാറാക്കി ബഡ്ജറ്റിൽ 10 കോടി രൂപയും നീക്കിവെച്ചിരുന്നു. സ്വന്തം ഫണ്ട് ഉപയോഗിച്ച് ലയങ്ങൾ നിർമിക്കാനും നിലവിലുള്ള ലയങ്ങൾ നവീകരിക്കാനുമായിരുന്നു പദ്ധതി. ഒരു ലയം നവീകരിക്കുന്നതിന് ആകെ ചെലവിന്റെ 30 ശതമാനം, അല്ലെങ്കിൽ പരമാവധി 50,000 രൂപയും, പുതിയ ലയം നിർമ്മിക്കാൻ ആകെ ചെലവിന്റെ 30 ശതമാനം അല്ലെങ്കിൽ പരമാവധി രണ്ട് ലക്ഷം രൂപ എന്നതായിരുന്നു പദ്ധതി. ഇതു പ്രകാരം കരടിക്കുഴി എ.വി.റ്റി. ഗ്രൂപ്പ്, ചിദംബരം എൻ.ആർ. എസ്റ്റേറ്റ്, മലങ്കര കരിന്തരുവി എസ്റ്റേറ്റ് എന്നീ തോട്ടങ്ങളിൽ പുതിയവ നവീകരിക്കുകയും, പുതിയ ലയങ്ങൾ നിർമ്മിച്ചു നൽകുകയും ചെയ്തു. എന്നാൽ ഭൂരിപക്ഷം തോട്ടങ്ങളും പദ്ധതിയുമായി നിസഹകരിച്ചു. ഫോപ്സ് ഗ്രൂപ്പ്, ലൈഫ് ടൈം, ഹെലിബറിയാ എസ്റ്റേറ്റ്, ടൈഫോർഡ് എസ്റ്റേറ്റ് തുടങ്ങിയ വൻകിട തോട്ടങ്ങൾ ഇപ്പോഴും പദ്ധതിയുടെ ഭാഗമായിട്ടില്ല. ഇതോടെ ഭൂരിപക്ഷം തൊഴിലാളികളും അൻപത് വർഷത്തിൽഅധികം പഴക്കമുള്ള ലയങ്ങളിൽ തന്നെ താമസിക്കേണ്ട ഗതികേടിലായിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ് ചോർന്നൊലിക്കുന്ന ലയങ്ങൾ നവീകരിക്കണമെന്ന് മനുഷ്യാവകാശകമ്മീഷനും ആവശ്യപ്പെട്ടിരുന്നു.

ലയങ്ങൾ

അപകട ഭീഷണിയിൽ

നാലുവർഷം മുമ്പ് കോഴിക്കാനത്ത് ലയം തകർന്ന് തൊഴിലാളി സ്ത്രീ മരണപ്പെട്ടത് ഇന്നും തൊഴിലാളികളുടെ മനസിൽ നൊമ്പരമായി അവശേഷിക്കുകയാണ്. പല തോട്ടങ്ങളിലും ലയങ്ങളുടെ മേൽക്കൂരകൾ ശക്തമായ കാറ്റിൽ തകർന്നുപോയും മറ്റും നിരവധി തൊഴിലാളികൾക്കും കുട്ടികൾക്കും പരിക്കേറ്റ സംഭവങ്ങളുമുണ്ട്. വ്യവസായപ്രതിസന്ധിയെ തുടർന്ന്പൂട്ടിയ തോട്ടങ്ങളിൽ പലതും തുറന്നു പ്രവർത്തിച്ചെങ്കിലും തൊഴിലാളികൾക്ക് നിയമപരിരക്ഷയും, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും വീഴ്ച വരുത്തിയിട്ടുണ്ട്.

പ്രതിസന്ധിയിൽ

ഉലഞ്ഞ് തോട്ടങ്ങൾ

എ.വി.റ്റി ഗ്രൂപ്പ്, മലങ്കര കരിന്തരുവി എസ്റ്റേറ്റ് എന്നിങ്ങനെ ചുരുക്കം ചില തോട്ടങ്ങൾ ദീർഘവീക്ഷണത്തോടെയുള്ള പരിഹാരമാർഗങ്ങൾ തേടി പ്രതിസന്ധിയിൽനിന്നും കരകയറി. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി തോട്ടങ്ങളിൽ ഇടവിളകൃഷി ചെയ്താണ് നിലമെച്ചപ്പെടുത്തിയത്. എന്നാൽ വാഗമൺ എസ്റ്റേറ്റ്, ബോണാമി എസ്റ്റേറ്റ്,കോഴിക്കാനം എസ്റ്റേറ്റ്,കോട്ടമല എസ്റ്റേറ്റ് എന്നീ തോട്ടങ്ങളിൽ പ്രതിസന്ധി തുടരുകയാണ്. ഫോബ്സ് എസ്റ്റേറ്റിൽ ഇപ്പോഴും പതിനൊന്നുമാസത്തെ ശമ്പള കുടിശിക തൊഴിലാളികൾക്കുണ്ട്. ഇതിനായി ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നിരവധി സമരങ്ങളും സംഘടിപ്പിച്ചിരുന്നു. തങ്ങളുടെദുരവസ്ഥ എന്നുമാറും എന്ന ആശങ്കയിലാണ് തൊഴിലാളികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL