
ഇടുക്കി: പൊതുപ്രവർത്തകരും ലഹരി ശൃംഖലകളുടെ ഭാഗമാകുന്നത് വലിയ ആശങ്കയുയർത്തുന്നു. 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള ലഹരിവിരുദ്ധ പരിശോധനകൾ ശക്തമാക്കിയിരിക്കെ, തൊടുപുഴ നഗരസഭാ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ സനീഷ് ജോർജ്ജ് (40) രാസലഹരി ഉപയോഗിക്കുന്നതിനിടെ പിടിയിലായത് പൊതുസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഏഴല്ലൂർ- ചെറുതോട്ടിൻകര റോഡിൽ ഏഴല്ലൂർ അമ്പലത്തിന് സമീപത്ത് നിന്ന് സുഹൃത്തും അയൽവാസിയുമായ വേലംപറമ്പിൽ നിസാർ മുഹമ്മദിനൊപ്പമാണ് (42) ഇയാൾ പിടിയിലായത്.
ഇന്നലെ രാവിലെ ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ നിന്ന് എം.ഡി.എം.എ പറ്റിപ്പിടിച്ചിരുന്ന കവറും വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഫ്യൂമറും ഉൾപ്പെടെ കണ്ടെടുത്തിരുന്നു. കാളിയാർ പൊലീസിന്റെ പിടിയിലാകുമ്പോൾ ഇരുവരും ലഹരി ഉപയോഗിച്ച നിലയിലായിരുന്നു. നാളുകളായി നിരീക്ഷണത്തിലായിരുന്ന സനീഷിനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് തൊടുപുഴ ഡിവൈ.എസ്.പിയുടെ ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്.
ഒരു മാസം മുമ്പ് ആഗസ്റ്റ് 18നാണ് ലഹരി വിരുദ്ധ ജാഥ ക്യാപ്ടനായിരുന്ന ഡി.വൈ.എഫ്.ഐ നേതാവടക്കം നാല് യുവാക്കളെ എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി പൊലീസ് പിടികൂടുന്നത്. പൊതുപ്രവർത്തനത്തിന്റെ മറവിൽ ലഹരി വില്പന നടത്തുകയായിരുന്നു ഇവർ. ഡി.വൈ.എഫ്.ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയായിരുന്ന തേക്കുംകാട്ടിൽ ടി.എസ്. ഷിയാസ് (35), സുഹൃത്തുക്കളായ കുമ്പൻകല്ല് ഓലിക്കൽ വീട്ടിൽ ആഷിക് സഹീർ (23), ഇടവെട്ടി ചീങ്കല്ലേൽ ഹർഷിദ് ജബ്ബാർ (33), വെങ്ങല്ലൂർ കണിപറമ്പിൽ നിഹാൽ ഷെഫീഖ് (22) എന്നിവരാണ് അന്ന് തൊടുപുഴ പൊലീസിന്റെ വലയിലായത്.
18.18 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 4070 രൂപയും രണ്ടു വാഹനങ്ങളും ഇവരിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. ഷിയാസ് കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് തെക്കുംഭാഗം ഡിവിഷനിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇത്തരത്തിൽ പൊതുപ്രവർത്തനത്തിന്റെയും സാമൂഹിക സ്വാധീനത്തിന്റെയും മറവിൽ ലഹരിമരുന്ന് ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സംഘങ്ങൾ ജില്ലയിൽ സജീവമാണെന്നാണ് പൊലീസിനും എക്‌സൈസിനും ലഭിക്കുന്ന സൂചന.
പൊതുപ്രവർത്തനരംഗത്തെ ബന്ധങ്ങൾ ഉപയോഗിച്ച് പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണ് വെട്ടിച്ച് ലഹരി കൈമാറ്റം നടത്താൻ ഇവർക്ക് എളുപ്പത്തിൽ സാധിക്കുന്നുണ്ട്. അന്തർസംസ്ഥാന ലഹരി മാഫിയകളിൽ നിന്ന് മാരകമായ എം.ഡി.എം.എ ഉൾപ്പെടെയുള്ള രാസലഹരികൾ എത്തിച്ച് ജില്ലയിലെ യുവാക്കൾക്കിടയിൽ വിതരണം ചെയ്യുന്ന ഏജന്റുമാരായി ചില പ്രാദേശിക നേതാക്കൾ പ്രവർത്തിക്കുന്നതായും ഇന്റലിജൻസ് റിപ്പോർട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |