കൊട്ടിയം: ഒറ്റപ്ലാമൂട്ടിലെ ടാർ മിക്സിംഗ് പ്ലാന്റിന്റെ ലൈസൻസ് മരവിപ്പിക്കാനുള്ള പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിൽ ഒപ്പുവെക്കാതെ സെക്രട്ടറി പോയെന്ന് ആരോപിച്ച് ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികളുടെ പ്രതിഷേധം. കമ്മിറ്റി എടുത്ത തീരുമാനത്തിൽ ഒപ്പിടാൻ സെക്രട്ടറി തയ്യാറാകാതിരുന്നതോടെ, പ്രസിഡന്റ് ജിനോക്കി എഡ്വേർഡിന്റെ നേതൃത്വത്തിൽ ഭരണസമിതിയിലെ 21 അംഗങ്ങളും രാത്രി വൈകിയും പഞ്ചായത്ത് ഓഫീസിന്റെ പ്രവേശന കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
എന്നാൽ, ഭരണസമിതിയുടെ തീരുമാനത്തോട് താൻ വിയോജിച്ചിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി ഫ്ലോസി ലോസ് പറഞ്ഞു. തന്റെ പ്രവൃത്തി സമയം കഴിഞ്ഞ് വൈകിട്ട് അഞ്ചരയോടെയാണ് ഓഫീസ് വിട്ടത്. ആ സമയം പഞ്ചായത്തിൽ പ്രതിഷേധം ഉണ്ടായിരുന്നില്ല. ഇന്ന് നോട്ടീസ് നൽകുമെന്നും സെക്രട്ടറി പറഞ്ഞു.
പ്ലാന്റിൽ നിന്നുള്ള പുകയും ദുർഗന്ധവും കുട്ടികൾക്കും പ്രദേശവാസികൾക്കും കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി മൈലക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്ലാന്റിന്റെ ലൈസൻസ് താത്കാലികമായി മരവിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതും സ്ഥാപനത്തിന് അടിയന്തരമായി നോട്ടീസ് നൽകാൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടതും. കെ-സ്വിഫ്റ്റ് വഴി അനുമതി നേടിയ പ്ലാന്റിന് പഞ്ചായത്ത് നിലവിൽ യാതൊരു ലൈസൻസും നൽകിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് പ്രസിഡന്റ് സരസ്വതി, ജനപ്രതിനിധികളായ അജ്മീർ ഖാൻ, ശ്രീലാൽ, നിസാർ ചിറക്കട എന്നിവരടങ്ങുന്ന സമിതിയെ ഭരണസമിതി ചുമതലപ്പെടുത്തി. പ്രദേശം നിലവിൽ കോൺക്രീറ്റ് പാളികളും ടാർ പുകയും കൊണ്ട് താമസയോഗ്യമല്ലാത്ത അവസ്ഥയിലാണെന്നും വിഷയത്തിൽ കർശന ഇടപെടലുണ്ടാകുമെന്നും പ്രസിഡന്റ് ജിനോക്കി എഡ്വേർഡ് കഴിഞ്ഞ ദിവസം 'കേരളകൗമുദി'യോട് പ്രതികരിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് പരാതി നൽകി
കുട്ടികൾക്ക് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് പ്ലാന്റിന് സമീപമുള്ള സ്കൂൾ അധികൃതരും സന്നദ്ധ പ്രവർത്തകരും തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ഇന്നലെ പരാതി നൽകി. സ്കൂളിലെ 1200-ലധികം വിദ്യാർത്ഥികളുടെയും പ്രദേശവാസികളുടെയും ആരോഗ്യപ്രശ്നങ്ങൾ സംഘം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പരാതിയിൽ അടിയന്തര പരിശോധനയും നടപടിയും സ്വീകരിക്കാൻ മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |