കൊല്ലം: ജില്ലയിൽ പ്രതിവർഷം 20 ലക്ഷം സഞ്ചാരികളെ ലക്ഷ്യമാക്കിയുള്ള വിനോദസഞ്ചാര വികസനത്തിന് വൈവിദ്ധ്യമാർന്ന പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. അഷ്ടമുടി കേന്ദ്രീകരിച്ച് രാജ്യാന്തര നിലവാരത്തിലുള്ള വിനോദോപാധികളാണ് ഉദ്ദേശിക്കുന്നത്. ജെൻ സി മാത്രമല്ല ജെൻ ആൽഫയെക്കൂടി കണക്കിലെടുത്തുള്ള ഗെയ്‌മിംഗ് സോണുകൾ സജ്ജമാക്കും. കുടുംബത്തോടെയുള്ള സഞ്ചാരത്തിന് പ്രോത്സാഹനമാകുംവിധം താമസ സൗകര്യവും മെച്ചപ്പെടുത്തും. സഞ്ചാരികൾ കൂടുതൽ ദിവസം തങ്ങുന്നരീതി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
പ്രാദേശിക ഉത്പന്നങ്ങൾക്കുള്ള വിപണിയും അനുബന്ധമായി വികസിപ്പിക്കും. ഇതിലൂടെ പ്രദേശത്തുള്ളവരുടെ ജീവിതനിലവാരം ഉയർത്താനാകും. ആധുനിക സംവിധാനങ്ങളുടെ നിർമ്മാണഘട്ടത്തിൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. പൂർത്തീകരണത്തോടെ പ്രത്യക്ഷ, പരോക്ഷ തൊഴിലുകൾക്കും സാദ്ധ്യതയേറും. മേഖലയിൽ നിന്ന് പ്രതിവർഷം കുറഞ്ഞത് 50 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
ഹൗസ് ബോട്ട് ടൂറിസം, തങ്കശേരി വിളക്കുമാടത്തിന്റെ സാദ്ധ്യത എന്നിവ പ്രയോജനപ്പെടുത്തിയുള്ള ലഘുസഞ്ചാരം തുടങ്ങിയവ യാഥാർത്ഥ്യമാക്കും. വിനോദസഞ്ചാ രമൂല്യവർദ്ധനയ്ക്കായി സാംസ്കാരിക പരിപാടികൾ, പാരമ്പര്യകലാരൂപങ്ങളുടെ അവതരണം, കരകൗശലവിദഗ്ദ്ധർക്ക് ഇടമൊരുക്കൽ തുടങ്ങിയവയുമുണ്ടാകും.
ഒഴുകുന്ന ഭക്ഷണശാല
പൊതു,സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നതനിലവാരത്തിലുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും. ജൈവ വൈവിദ്ധ്യ സംരക്ഷണംഉറപ്പാക്കി സുസ്ഥിര വിനോദ സഞ്ചാരമാണ് തലമുറകൾക്കായി ഒരുക്കുക. കായലിൽ ഒഴുകുന്ന ഭക്ഷണശാലയിൽ 100 പേർക്കാണ് ഇടമൊരുക്കുന്നത്. ജലകേളികൾക്കുള്ള സൗകര്യവും സജ്ജമാക്കും. കണ്ടൽക്കാടുകളിലേക്കുളള സഞ്ചാരമൊരുക്കി പ്രകൃതിസന്ദേശവും നൽകാനാകും. കായൽ മലിനമാക്കുന്നത് തടയാൻ ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും. സാദ്ധ്യമായ ഇടങ്ങളിൽ സംരക്ഷണ വേലിയുമുണ്ടാകുമെന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |