കൊല്ലം: റെയിൽവേ സ്റ്റേഷൻ കർബല റോഡിൽ നിന്ന് പൊലീസ് ക്യാമ്പിലേക്ക് തിരിയുന്ന ഭാഗത്ത് മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തുറന്ന ഓടകൾ അതേപടി കിടക്കുന്നത് അപകടഭീഷണിയായി. മാറ്റിയ പഴയ സ്ലാബുകൾക്ക് പകരം സ്ഥാപിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.
വളരെ വൈകി മാത്രം ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ ഈ ഭാഗത്ത്, നിലവിൽ ഓട പല ഭാഗത്തും തുറന്നുകിടക്കുകയാണ്. ചെറിയൊരു മഴ പെയ്താൽ പോലും കനത്ത വെള്ളക്കെട്ട് രൂപപ്പെടുന്ന ഇവിടെ, ഈ സമയം ഓടയും റോഡും തിരിച്ചറിയാനാവാത്ത അവസ്ഥയാവും.
റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരും വിവിധ സർക്കാർ സ്ഥാപനങ്ങളിൽ എത്തുന്നവരുമടക്കം നൂറുകണക്കിന് ആളുകൾ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആശ്രയിക്കുന്ന വളരെ തിരക്കേറിയ റോഡാണിത്. ദീർഘദൂര സർവീസുകൾ അവസാനിക്കുന്ന ഭാഗമായതിനാൽ നിരവധി യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. വഴി പരിചയമില്ലാത്തവർ വെള്ളക്കെട്ടിലൂടെ നടക്കുമ്പോൾ തുറന്നുകിടക്കുന്ന ഓടയിൽ വീഴാനുള്ള സാദ്ധ്യത ഏറെയാണ്. റോഡിനോട് ചേർന്ന് വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ കാൽനടയാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരുന്നു. ഓടയിൽ വെള്ളം നിറയുമ്പോൾ ജീവൻ പണയം വെച്ചാണ് ഇതുവഴിയുള്ള യാത്ര.
...................................................
അപകട സ്ഥലം: റോഡിനോട് ചേർന്നുള്ള വളവിലാണ് അപകടക്കെണി.
ഭീഷണി: മാലിന്യവും വെള്ളവും നിറഞ്ഞ ഓട തുറന്നു കിടക്കുന്നു
അപകട സാദ്ധ്യത: വാഹനങ്ങൾ തിരിയുമ്പോഴോ ആളുകൾ നടക്കുമ്പോഴോ എപ്പോൾ വേണമെങ്കിലും ഓടയിൽ ചാടാം
നാട്ടുകാരുടെ ആവശ്യം 1: മഴ കനക്കുന്നതിന് മുൻപ് തന്നെ പുതിയ സ്ലാബുകൾ അടിയന്തരമായി സ്ഥാപിക്കണം.
ആവശ്യം 2: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |