കൊല്ലം: ആശ്രാമത്ത് ക്രൈംബ്രാഞ്ച് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ഇൻലാൻഡ് നാവിഗേഷൻ ഡിവിഷൻ ഓഫീസിൽ അണലിയെ കണ്ടെത്തി. ഡിവിഷണൽ അക്കൗണ്ടന്റ് കൃഷ്ണ അയ്യരുടെ മുറിയിലാണ് കഴിഞ്ഞദിവസം അണലി കയറിയത്. ജീവനക്കാർ പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഓഫീസിൽ നിന്നിറങ്ങിയ പാമ്പ് തൊട്ടടുത്തുള്ള മാളത്തിൽ ഒളിച്ചു.
മഴക്കാലപൂർവ്വ ശുചീകരണം നടത്താതെ ഓഫീസ് പരിസരം കാടുപിടിച്ചു കിടക്കുന്നതാണ് പാമ്പുകൾ ഉൾപ്പെടെയുള്ള വിഷജീവികൾ പെരുകാൻ കാരണം. ഒന്നര വർഷത്തിലേറെയായി പരിസരം വൃത്തിയാക്കിയിട്ട്. കെട്ടിടത്തിന്റെ മതിലിലും മറ്റും നിരവധി പൊത്തുകളുണ്ട്. പാമ്പ് കയറിയ സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊത്തുകൾ താത്കാലികമായി സിമന്റ് ഉപയോഗിച്ച് അടച്ചു.
നാവിഗേഷൻ ഡിവിഷൻ ഓഫീസ് കൂടാതെ മറ്റ് എട്ടോളം സർക്കാർ ഓഫീസുകളാണ് ഈ വളപ്പിൽ പ്രവർത്തിക്കുന്നത്. മുൻപ് റവന്യു റിക്കവറി തഹസിൽദാരുടെ ഓഫീസും ഇവിടെയായിരുന്നു. വിവിധ കേസുകളിൽ ജപ്തി ചെയ്ത് കൊണ്ടുവരുന്ന റോഡ് റോളറുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളും മറ്റ് വസ്തുക്കളും സമീപത്തെ ഷെഡിലാണ് സൂക്ഷിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ ലേലം ചെയ്ത് ഒഴിവാക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും നടപ്പായിട്ടില്ല. ഈ ഭാഗമാണ് ഇപ്പോൾ കാടുപിടിച്ച് വിഷപ്പാമ്പുകളുടെ താവളമായി മാറിയിരിക്കുന്നത്. പ്രതിദിനം പൊതുജനങ്ങളെത്തുന്ന ഭാഗത്തെ ദുരവസ്ഥ ഒഴിവാക്കാൻ പരിസരത്തെ കാടുകൾ അടിയന്തിരമായി വെട്ടിത്തെളിക്കണമെന്ന് സ്റ്റാഫ് കൗൺസിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |